
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന വീല്‍ചെയര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വീണ് 82 കാരി. തല ഇടിച്ച് വീണ ഇവര്‍ക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. അന്തരിച്ച ലെഫ്റ്റനന്റ് ജനറലിന്റെ ഭാര്യയാണ്.
വീല്‍ചെയറിനായി ഒരു മണിക്കൂര്‍ കാത്തിരുന്ന ശേഷം, ഒരു കുടുംബാംഗത്തിന്റെ സഹായത്തോടെ വിമാനത്താവളത്തിലൂടെ നടക്കുകയായിരുന്നു. ഇതിനിടെ കാലുകള്‍ വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കിയില്ലെന്നും ഇവരുടെ ചെറുമകള്‍ ആരോപിച്ചു. ഏറെ വൈകിയാണ് വീല്‍ചെയര്‍ എത്തിയത്. അപ്പോഴേക്കും, ചുണ്ടില്‍ നിന്ന് രക്തം വരികയും തലയിലും മൂക്കിലും മുറിവേല്‍ക്കുകയും ചെയ്തിരുന്നു. മുത്തശ്ശി രണ്ട് ദിവസമായി ഐസിയുവിലാണെന്നും ശരീരത്തിന്റെ ഇടതുവശം തളര്‍ന്നുവെന്നും ചെറുമകള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാന (A-I2600) ത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടിരുന്നതായും ചെറുമകള്‍ പരുള്‍ കന്‍വാര്‍ എക്‌സില്‍ എഴുതിയിട്ടുണ്ട്. തനിക്ക് മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് സമൂഹമാധ്യമത്തില്‍ ഇത് കുറിക്കുന്നതെന്നും മനുഷ്യജീവിതത്തിനും ക്ഷേമത്തിനും ഇത്രയും വിലയേ ഉള്ളൂവെന്നത് തന്നെ പ്രകോപിപ്പിക്കുന്നുവെന്നും അവര്‍ കുറിച്ചു.