പണം മോഷ്ടിച്ചതിന് വഴക്കുപറഞ്ഞു, പിതാവിനെ ജീവനോടെ തീകൊളുത്തി കൊന്ന് 14 വയസ്സുകാരന്‍

ഫരീദാബാദ്: വഴക്കുപറഞ്ഞ പിതാവിനെ ജീവനോടെ തീകൊളുത്തി കൊന്ന് 14 വയസ്സുകാരന്‍. ഡല്‍ഹിയിലെ ഫരീദാബാദിലെ അജയ് നഗറില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം. 55 വയസ്സുള്ള മുഹമ്മദ് അലീമിനെയാണ് മകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. വീട്ടുടമസ്ഥനായ റിയാസുദ്ദീന്‍ പുലര്‍ച്ചെ 2 മണിയോടെ മുഹമ്മദ് അലീമിന്റെ നിലവിളി കേട്ടാണ് പെട്ടെന്ന് ഉണര്‍ന്നത്. അലീം മകനോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന മുകളിലത്തെ നിലയിലേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ പൂട്ടിയിരിക്കുന്നതായി മനസിലാക്കിയ വീട്ടുടമസ്ഥന്‍ അയല്‍ക്കാരന്റെ സഹായത്തോടെ ടെറസില്‍ എത്തിയപ്പോള്‍ മുറിയില്‍ തീപടരുന്നത് കണ്ടു. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നതും അലീം അകത്തു നിന്ന് നിലവിളിക്കുന്നതും കണ്ട ഇവര്‍ ഭയന്നു. വാതില്‍ തുറന്നയുടനെ ഗുരുതരമായ പൊള്ളലേറ്റ അലീമിനെയാണ് കണ്ടത്. ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപ്പോഴേക്കും മകന്‍ രക്ഷപെട്ടിരുന്നു.

തന്റെ പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് അലീം കുട്ടിയെ വഴക്കുപറഞ്ഞിരുന്നു. ഇതാണ് കുട്ടിയെ പ്രകോപിതനാക്കിയത്. കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ സ്വദേശിയായ അലീം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മകനോടൊപ്പം ഫരീദാബാദിലെത്തിയത്.

More Stories from this section

family-dental
witywide