17 കാരന്‍റെ ലക്ഷ്യം ട്രംപിനെ വകവരുത്തൽ, പണം കണ്ടെത്താനായി ആദ്യം കൊലപ്പെടുത്തിയത് സ്വന്തം മാതാപിതാക്കളെ; പിടിയിലായി

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാലം മുതലേ ഡോണൾഡ് ട്രംപിനെ വധിക്കാനുള്ള ശ്രമങ്ങളുടെ വാർത്തകൾ നിരവധിയാണ് നമ്മൾ കണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവെപ്പിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ട്രംപ്, പ്രസിഡന്‍റ് ആയിട്ടും ആ ശ്രമങ്ങൾക്ക് കുറവില്ലെന്നാണ് വ്യക്തമാകുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത് ഒരു പതിനേഴുകാരൻ ട്രംപിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന വാ‍ർത്തയാണ്. ട്രംപിനെ വധിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് പണം കണ്ടെത്താൻ ഈ പതിനേഴുകാരൻ സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തിയെന്നതാണ് ലോകത്തെ ഇപ്പോൾ ഞെട്ടിക്കുന്നത്. അമേരിക്കൻ പൊലീസ് കോടതിയിൽ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

പതിനേഴുകാരനായ നികിത കാസപ് എന്ന യുവാവാണ് പ്രസിഡന്റിനെ വധിക്കാനും യു എസ് സർക്കാരിനെ അട്ടിമറിക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള പദ്ധതിയൊരുക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രസിഡന്‍റിനെ കൊലപ്പെടുത്താനായുള്ള പണമുണ്ടാക്കാനായി ഇയാൾ സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കാസപ്പിനെതിരെ ഒമ്പത് കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതിൽ രണ്ട് കൊലപാതക കുറ്റങ്ങളും മൃതദേഹം ഒളിപ്പിച്ച കുറ്റങ്ങളും ഉൾപ്പെടും. ഇതിനൊപ്പം തന്നെ പ്രസിഡന്റിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

കാസപ്പിന്റെ അമ്മ ടാറ്റിയാന കാസപ്പിനെയും രണ്ടാനച്ഛൻ ഡോണൾഡ് മേയറെയും വെടിയേറ്റ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പതിനേഴുകാരന്‍റെ ഗൂഢ പദ്ധതി വെളിച്ചത്തുകൊണ്ടുവന്നത്. ഫെബ്രുവരി 11 ന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ കവിഞ്ഞ ദിവസമാണ് പ്രസിഡന്‍റിനെയും കൊലപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് വ്യക്തമായത്.

Also Read

More Stories from this section

family-dental
witywide