
മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്ന് രണ്ടാംക്ലാസുകാരൻ വീടുവിട്ടിറങ്ങി. നാല് കിലോമീറ്ററോളം നടന്ന് കുട്ടി പരാതി പറയാൻ ഫയർ സ്റ്റേഷനിൽ എത്തി. പൊലീസ് സ്റ്റേഷൻ എന്ന് കരുതിയാണ് ഫയർ സ്റ്റേഷനിൽ കയറിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.
സഹോദരിയുമായി കുട്ടി വഴക്കിട്ടതിനെ തുടർന്ന് അമ്മ വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിൽ ‘ഉമ്മക്കെതിരേ കേസ് കൊടുക്കും’ എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് കുട്ടി. ഇരുമ്പുളിയിൽ നിന്ന് കാൽനടയായി അഞ്ച് കിലോമീറ്ററോളം നടന്ന് മഞ്ചേരിയിൽ എത്തി. പോലീസ് സ്റ്റേഷൻ എന്നു കരുതി മുണ്ടുപറമ്പിലുള്ള ഫയർ സ്റ്റേഷനിൽ ചെന്ന് കയറി. ‘ഉമ്മ വീട്ടിൽ നിന്ന് ഇറക്കി വിട്ടു’ എന്നൊക്കെ ഉദ്യോഗസ്ഥരോട് കുട്ടി പരാതി പറഞ്ഞു. ഉടൻ തന്നെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചൈൽഡ് ലൈനിൽ വിളിച്ച് വിവരമറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ വീട്ടുകാരെ വിവരമറിയിക്കാൻ സാധിച്ചു. പിതാവ് എത്തി കുട്ടിയെ തിരിച്ച് വീട്ടിലെത്തിച്ചു. അവധിദിവസം ആയതുകൊണ്ട് കുട്ടി അടുത്ത വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വീട്ടുകാർ കരുതിയത്.
A 7 year boy went to the fire station to file a case against his mother for scolding him