
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഒരു കടുത്ത വിമർശകനായാണ് ഫ്രാൻസിസ് മാർപാപ്പ അറിയപ്പെടുന്നത്. 2016 ൽ ആദ്യമായി അധികാരമേറ്റ നാൾ മുതൽ ട്രംപും പോപ്പും തമ്മിൽ പലപ്പോഴും ഇടഞ്ഞിട്ടുണ്ട്. വർഷങ്ങളായി ഫ്രാൻസിസും ട്രംപും തമ്മിൽ സംഘർഷമുണ്ടായിരുന്നു. 2016 ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയാനുള്ള ട്രംപിന്റെ പദ്ധതിക്ക് അദ്ദേഹം “ക്രിസ്ത്യാനിയല്ല” എന്ന് ഫ്രാൻസിസ് അഭിപ്രായപ്പെട്ടു . ഫ്രാൻസിസിനെ “അപമാനകരം” എന്ന് വിളിച്ചുകൊണ്ടാണ് ട്രംപ് അന്ന് പ്രതികരിച്ചത്. ആ ഭരണകാലത്ത് പലപ്പോഴും ഇരുവരും തമ്മിൽ വാക്ക് പോര് നടന്നിട്ടുണ്ട്.
2024 ൽ അധികാരത്തിലേക്ക് ട്രംപ് മടങ്ങിയെത്തിയപ്പോഴും മറിച്ചായിരുന്നില്ല അവസ്ഥ. കുടിയേറ്റക്കാരുടെ നാടുകടത്തലിന്‍റെ പേരിലാണ് രണ്ടാം വരവിൽ ട്രംപും പോപ്പും തമ്മിൽ സംഘർഷം നിലനിന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യു എസ് കത്തോലിക്കാ ബിഷപ്പുമാർക്ക് എഴുതിയ കത്തിൽ, രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ കൂട്ട നാടുകടത്തൽ ശ്രമങ്ങളെ ഫ്രാൻസിസ് നിശിതമായി വിമർശിച്ചിരുന്നു. ട്രംപിന്‍റെ നാടുകടത്തൽ ലോകം നേരിടുന്ന ഒരു “വലിയ പ്രതിസന്ധി” എന്നാണ് ഫ്രാൻസിസ് വിശേഷിപ്പിച്ചത്. നമ്മുടെ കുടിയേറ്റക്കാർക്കും അഭയാർത്ഥി സഹോദരീസഹോദരന്മാർക്കും നേരെ വിവേചനം കാണിക്കുകയും അനാവശ്യമായ കഷ്ടപ്പാടുകൾ ഉണ്ടാക്കുകയും ചെയ്യുന്ന ട്രംപിന്‍റെ ധാർഷ്ഠ്യത്തിന് വഴങ്ങരുതെന്നാണ് പോപ്പ് കത്തിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചത്.
അതേസമയം പോപ്പ് ഫ്രാൻസിസിന്‍റെ വിയോഗത്തിൽ അനുശോചനവുമായി ട്രംപ് രംഗത്തെത്തി. സമാധാനത്തോടെ വിശ്രമിക്കട്ടെ! ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന രണ്ട് വരി ട്രൂത്ത് സോഷ്യൽ പോസ്റ്റില്‍ കുറിക്കുകയായിരുന്നു ട്രംപ്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരസൂചകമായി യുഎസ് പതാകകൾ പകുതി താഴ്ത്തിക്കെട്ടാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ ഓർമ്മയ്ക്കുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലും പൊതു, സൈനിക സ്വത്തുക്കളിലും നാവിക കപ്പലുകളിലും വിദേശ നയതന്ത്ര ദൗത്യങ്ങളിലും പതാക താഴ്ത്തി കെട്ടാനാണ് ട്രംപ് ഉത്തരവിട്ടത്.