
ന്യൂഡല്‍ഹി: പുതിയ ഡല്‍ഹി മുഖ്യമന്ത്രി ആരെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വലിയ ആഘോഷ പരിപാടിയാക്കാനാണ് ബിജെപി നീക്കം.
നീണ്ട 26 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നത് അടയാളപ്പെടുത്തുന്ന ഒരു മഹത്തായ പരിപാടിയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്‍ഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്ച യുഎസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരിക്കും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
ഡല്‍ഹിയിലെ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബിജെപി പ്രസിഡന്റ് ജെപി നദ്ദയെ കാണും. പ്രധാനമന്ത്രി മോദിയും ഷായും നദ്ദയും ഇന്നലെ വൈകുന്നേരം ബിജെപി ആസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ബിജെപി മേധാവി വീരേന്ദ്ര സച്ച്ദേവ ഇന്ന് വൈകുന്നേരം പുതുതായി തിരഞ്ഞെടുക്കപ്പെട്ട 48 എംഎല്‍എമാരുമായും കൂടിക്കാഴ്ച നടത്തും.
‘മോദിയുടെ ഗ്യാരണ്ടി’യില്‍ വിശ്വസിച്ചതിന് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് നന്ദിയെന്നാണ് പ്രധാനമന്ത്രി മോദി ഇന്നലെ സന്തോഷം പ്രകടിപ്പിച്ചത്. തലസ്ഥാനത്തെ വികസന പാതയിലേക്ക് തിരികെ കൊണ്ടുവന്ന് ബിജെപിക്ക് തിരിച്ചടി നല്‍കുമെന്നാണ് മോദി വ്യക്തമാക്കിയത്.