“താലിയും പൊട്ടും ധരിക്കാതിരുന്നാല്‍ ഭര്‍ത്താവിന് എങ്ങനെ താല്‍പര്യം തോന്നും”: ജഡ്ജി നടത്തിയ പരാമര്‍ശം വിവാദത്തില്‍

മുംബൈ: വിവാഹമോചനക്കേസ് നടപടികളുടെ ഭാഗമായി ദമ്പതികളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ സെഷന്‍സ് കോടതി ജഡ്ജി നടത്തിയ പരാമര്‍ശം വിവാദത്തില്‍. താലിയും പൊട്ടും ധരിക്കാതിരുന്നാല്‍ ഭര്‍ത്താവിന് എങ്ങനെ താല്‍പര്യം തോന്നുമെന്നാണ് ജഡ്ജി യുവതിയോട് ചോദിച്ചത്.

പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ അങ്കുര്‍ ആര്‍. ജഹാഗിര്‍ദാര്‍ ലിങ്കിഡിനില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

“നിങ്ങള്‍ താലിയും പൊട്ടും ധരിച്ചിട്ടില്ല. നിങ്ങള്‍ ഒരു വിവാഹിതയെ പോലെ പെരുമാറിയില്ലെങ്കില്‍ പിന്നെ ഭര്‍ത്താവ് എങ്ങനെയാണ് നിങ്ങളില്‍ താല്‍പര്യം കാണിക്കുക”, ജഡ്ജി സ്ത്രീയോട് ചോദിച്ചു.ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി ഉന്നയിക്കാന്‍ ഒരു മാര്‍ഗവുമില്ല . ഇത് നിരാശാജനകമാണെന്നും ജഹാഗിര്‍ദാര്‍ കുറിപ്പില്‍ പറയുന്നു.

മുന്‍പൊരിക്കല്‍, തന്റെ കക്ഷിയായ സ്ത്രീയോട് മറ്റൊരു ജഡ്ജ് നടത്തിയ പരാമര്‍ശവും ജഹാഗിര്‍ദാര്‍ കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. അതിങ്ങനെയാണ്: ഒരു സ്ത്രീ നന്നായി സമ്പാദിക്കുന്നുണ്ടെങ്കില്‍ തന്നേക്കാള്‍ സമ്പാദിക്കുന്ന പുരുഷനെയാണ് അവള്‍ തേടുക. സ്ത്രീ ഒരിക്കലും തന്നേക്കാള്‍ കുറവ് സമ്പാദിക്കുന്ന ഒരാളുടെ കൂടെ ജീവിക്കില്ല. നന്നായി സമ്പാദിക്കുന്ന ഒരു പുരുഷന്‍, അയാളുടെ വീട്ടില്‍ പാത്രം കഴുകുന്ന ജോലിക്കാരിയെ പോലും വിവാഹം കഴിക്കും. പുരുഷന്മാര്‍ക്ക് അത്രയും ഒത്തുപോകാന്‍ സാധിക്കും. കര്‍ക്കശ്യം കാണിക്കാതെ നിങ്ങളും അങ്ങനെ ഒത്തുപോകാന്‍ ശ്രമിക്കൂ.

ഇത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും യുക്തിപരമായി ചിന്തിക്കുന്ന, വിദ്യാസമ്പന്നനായ ഏതൊരു വ്യക്തിയുടെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ജില്ലാ കോടതികളില്‍ നടക്കുന്നുണ്ടെന്നും ജഹാഗിര്‍ദാര്‍ കുറിപ്പില്‍ പറയുന്നു.

അഭിഭാഷകന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ വിമര്‍ശനങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്.

A husband cannot be interested in wife if she doesn’t wear a thali and sindoor says Judge

More Stories from this section

family-dental
witywide