
പത്തനംതിട്ട: കൊല്ലത്ത് നടന്ന സി പി എം സംസ്ഥാന സമ്മേളനത്തിന്‍റെ അവസാന ദിവസം പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പാർട്ടിയോട് ഇടഞ്ഞ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാർ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. വീട്ടിലെത്തിയ ബി ജെ പി നേതാക്കളുമായി പത്മകുമാർ 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജും അയിരൂർ പ്രദീപുമാണ് പത്മകുമാറിന്റെ വീട്ടിൽ ചർച്ചക്കെത്തിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു നേതാക്കൾ എത്തിയത്.
പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റു കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമെന്നാണ് ഇന്ന് ചർച്ചയിൽ പങ്കെടുത്ത ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് ആയിരൂർ പ്രദീപ് പറഞ്ഞത്. അതേസമയം പത്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിൽ ഒട്ടേറെ ആളുകൾ പാർട്ടിയിലേക്ക് വരുന്നുണ്ടെന്നാണ് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ വ്യക്തമാക്കിയത്.
അതിനിടെ ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി പത്മകുമാർ രംഗത്തെത്തിയിട്ടുണ്ട്. എസ്‌ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ലെന്നാണ് പത്മകുമാർ പറഞ്ഞത്. ബിജെപി ജില്ലാ പ്രസിഡൻ്റും മറ്റൊരാളും താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്നു. അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയത്. ഇവർ മുറിയുടെ ചിത്രം പകർത്തിയ ശേഷം തിരികെ പോയി. താൻ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡൻറ് വി എ സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് നടത്തിയ പ്രതികരണത്തിൽ വ്യക്തമാക്കി.