ലണ്ടന്‍: എയോവിന്‍ കൊടുങ്കാറ്റ് ഭീതിയില്‍ യുകെ. കൊടുങ്കാറ്റ് എത്തുന്നതിന് മുന്നോടിയായി അപൂര്‍വമായ ഒരു റെഡ് വെതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കൊടുങ്കാറ്റ് ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ അപകടം വരുത്തിയേക്കുമെന്നും അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എയോവിന്‍ കൊടുങ്കാറ്റ് വെള്ളി, ശനി ദിവസങ്ങളിലായി രാജ്യത്തെ വിവിധയിടങ്ങളിലായി വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.
സ്‌കോട്ട്‌ലന്‍ഡിന്റെ ചില ഭാഗങ്ങളില്‍ മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. കാറ്റില്‍ പറന്നുയരുന്ന അവശിഷ്ടങ്ങള്‍ കാരണം ജീവന് അപകടമുണ്ടാകാമെന്നും, വൈദ്യുതി തടസ്സത്തിനും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനും പൊതുജനങ്ങള്‍ തയ്യാറെടുക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സ്‌കോട്ട്‌ലന്‍ഡിലെ ഭൂരിഭാഗം സ്‌കൂളുകളും വെള്ളിയാഴ്ച അടച്ചിടും. രാവിലെ 10:00 മുതല്‍ പ്രാബല്യത്തില്‍ വരുന്ന റെഡ് അലേര്‍ട്ട് കാരണം പൊതുഗതാഗതവും മുടങ്ങും. സാധ്യമാകുന്നിടത്തെല്ലാം പൊതുജനങ്ങള്‍ വീട്ടില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണി വരെയാണ് അലേര്‍ട്ടുള്ളത്. സ്‌കോട്ട്‌ലന്‍ഡിന്റെ ചില ഭാഗങ്ങളില്‍ വളരെ അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അയര്‍ലന്‍ഡിലെ തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത 125 മൈല്‍ വരെ എത്തിയേക്കാം. കാറ്റിന്റെ വേഗത ഉയരുന്നതിനാല്‍ ജീവന് അങ്ങേയറ്റം അപകട സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് മുന്നറിയിപ്പ് നല്‍കി.