
തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കല്‍ ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കെ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ആവിശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി (എ എ പി). നിരാഹാര സമരം കണ്ടിട്ടും സര്‍ക്കാര്‍ അവരോട് മുഖംതിരിച്ചു ഇരിക്കുകയാണെന്നും വിഷയത്തില്‍ ഇടപെടണമെന്നുമാണ് ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആശാ തൊഴിലാളികള്‍ നേരിടുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു കത്ത് ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന സെക്രട്ടറി ജയദേവ് പി പി കമ്മീഷന് ഔദ്യോഗികമായി സമര്‍പ്പിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ ഈ വിഷയത്തില്‍ ഇടപെടണമെന്നും സമരക്കാരുമായി ഉടന്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ആം ആദ്മി പാര്‍ട്ടി മനുഷ്യാവകാശ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.
കേരളത്തിന്റെ ആരോഗ്യ സംവിധാനത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ആശാവര്‍ക്കര്‍മാരെന്നും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
ഈ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും ന്യായമായ വേതനം, സാമൂഹിക സുരക്ഷ, അവശ്യ ആനുകൂല്യങ്ങള്‍ എന്നിവ നിഷേധിക്കപ്പെടുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, നിരാഹാര സമരം നീണ്ടുപോയാല്‍ അവരുടെ ആരോഗ്യത്തിന് ഗുരുതരമായ അപകടം സൃഷ്ടിക്കുമെന്നും കത്തില്‍ പറയുന്നു.