ഭരണം പോയെങ്കിലും കെജ്രിവാളിനും ആപ്പിനും കുരുക്ക്‌ മുറുകുന്നു, ഡൽഹി മദ്യനയം സർക്കാരിന് 2000 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് സിഎജി റിപ്പോർട്ട്

ഡൽഹി: വിവാദമായ മദ്യനയം ഡൽഹി സർക്കാരിന് 2002.68 കോടി രൂപയുടെ നഷ്ടം വരുത്തിയതായി കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. ചൊവ്വാഴ്ച ഡൽഹി നിയമസഭയിൽ വെച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. 2021 നവംബറിലാണ് മദ്യനയം നടപ്പാക്കിയത്. എന്നാൽ 2022 സെപ്റ്റംബറിൽ ഇത് റദ്ദാക്കി.

പുതിയ നയത്തിന് കീഴിൽ മദ്യശാലകൾ തുറക്കാൻ അനുമതിയില്ലാത്ത പ്രദേശങ്ങളിൽ കടകൾ തുറക്കാത്തതിനാൽ 941.53 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതാണ് ഏറ്റവും വലിയ നഷ്ടം. ലൈസൻസുകൾ റദ്ദാക്കിയ 19 മേഖലകളിൽ ടെൻഡറുകൾ വിളിക്കാത്തതിലൂടെ 890.15 കോടി രൂപയുടെ നഷ്ടം ഉണ്ടായി. റദ്ദാക്കിയതിന് ശേഷം മാസങ്ങളോളം ഈ മേഖലകളിൽ നിന്ന് എക്സൈസ് വരുമാനം ലഭിച്ചില്ല. ഈ മേഖലകളിൽ മദ്യ ചില്ലറ വിൽപ്പന തുടരാൻ മറ്റ് യാതൊരു ക്രമീകരണവും ഏർപ്പെടുത്തിയിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് -19 ന്റെ പേരിൽ ലൈസൻസ് ഉടമകൾക്ക് ഫീസ് ഒഴിവാക്കിയതിലൂടെ 144 കോടി രൂപയുടെയും, സോണൽ ലൈസൻസ് ഉടമകളിൽ നിന്ന് ഈടാക്കിയ സുരക്ഷാ തുകയുടെ “തെറ്റായ ശേഖരണം” കാരണം 27 കോടി രൂപയുടെയും വരുമാന നഷ്ടം സംഭവിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ നാല് ഉപവിഭാഗങ്ങളിലെ കണക്കുകൾ ചേർത്താണ് 2002.68 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിരിക്കുന്നത്.

മുൻ എഎപി സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ച ഒന്നായിരുന്നു ഡൽഹി മദ്യനയം. അന്നത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾ ഇതേതുടർന്ന് ജയിലിലായി. ഈ നയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിക്ക് തിരിച്ചടി നൽകിയതും 26 വർഷത്തിന് ശേഷം ബിജെപി ഡൽഹിയിൽ സർക്കാർ രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതും എന്ന് വിലയിരുത്തപ്പെടുന്നു.

More Stories from this section

family-dental
witywide