
തിരുവനന്തപുരം : തലസ്ഥാന നഗരിയെ യാഗശാലയാക്കി ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു.
പുണ്യം തേടിയെത്തിയ ഭക്തസഹസ്രങ്ങള്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം മനസുകുളിര്‍ന്ന് മടങ്ങുകയാണ്.
582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. വൈകീട്ട് 7.45-നാണ് കുത്തിയോട്ട നേര്‍ച്ചക്കാര്‍ക്കുള്ള ചൂരല്‍കുത്ത്. നാളെ രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം ഒരു മണിക്ക് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
അതേസമയം, സെക്രട്ടേറിയറ്റിന് മുന്നില്‍ സമരക്കാരായ ആശാ പ്രവര്‍ത്തകരും പ്രതിഷേധ പൊങ്കാലയുമായെത്തിയിരുന്നു. സര്‍ക്കാരിന്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് ഇടുന്നതെന്ന് ഇവര്‍ പ്രതികരിച്ചു. തങ്ങളുടെ 32 ദിനരാത്രങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നതെന്നും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാര്‍ പറയുന്നു. ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശമാര്‍ക്കുനേരെ സര്‍ക്കാര്‍ ഇപ്പോഴും മുഖംതിരിച്ചു നില്‍ക്കുകയാണ്.