
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്നു ചൂണ്ടിക്കാട്ടി വീണ്ടും കോടതി കേസ് മാറ്റി. ഇതോടെ എട്ടാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവയ്ക്കുന്നത്.
കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ദയാധനം സ്വീകരിച്ച് മാപ്പു നല്‍കിയതോടെ, അഞ്ചു മാസം മുന്‍പ് കോടതി വധശിക്ഷ ഒഴിവാക്കിയിരുന്നു. എന്നാല്‍ മോചനം അനന്തമായി നീളുകയാണ്. നേരത്തെയുള്ള സിറ്റിങ്ങുകളിലെല്ലാം പല കാരണങ്ങളാല്‍ വിധി പറയുന്നതു നീട്ടി വയ്ക്കുകയായിരുന്നു. 2006ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു നല്‍കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലെ കോടതി തീരുമാനം വന്നാല്‍ മാത്രമേ മോചനം സാധ്യമാകൂ. ഫെബ്രുവരി രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ്.