പ്രയാഗ്രാജ് : പ്രയാഗ്രാജില്‍ നടക്കുന്ന 2025 ലെ മഹാ കുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ ഭരണകൂടം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹ മാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഭക്തര്‍ക്കുള്ള നിര്‍ദേശം നല്‍കിയത്.
‘പ്രിയ ഭക്തരേ, ദയവായി നിങ്ങളുടെ അടുത്തുള്ള ഘട്ടില്‍ പുണ്യസ്‌നാനം ചെയ്യുക, സംഗം നോസിലേക്ക് പോകാന്‍ ശ്രമിക്കരുത്. ഭരണകൂടം നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ദയവായി പാലിക്കുകയും ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സഹകരിക്കുകയും ചെയ്യുക, ഇവിടുള്ള എല്ലാ ഘട്ടുകളിലും സ്‌നാനം നടക്കുന്നുണ്ട്, കിംവദന്തികള്‍ക്ക് ചെവികൊടുക്കരുത്, – അദ്ദേഹം എക്‌സില്‍ കുറിച്ചു.
പ്രയാഗ്രാജില്‍ നടക്കുന്ന മഹാ കുംഭമേളയ്ക്കിടെ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ച ദാരുണമായ സംഭവമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് യുപി മുഖ്യമന്ത്രിയുടെ നിര്‍ദേശം എത്തിയത്. സ്ഥലത്തെ സ്ഥിതി ഗുരുതരമല്ലെന്നും പരുക്കേറ്റവര്‍ക്ക് വൈദ്യചികിത്സ നല്‍കുന്നുണ്ടെന്നും സ്പെഷ്യല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ആകാന്‍ക്ഷ റാണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ട്.