
കർണാടകയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഹംപിയെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ 2 പേർ പിടിയിൽ. വിദേശവനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗത്തിനിരയാക്കിയ ഒരു സംഘം അക്രമികൾ, കൂടെയുണ്ടായിരുന്ന യുവാക്കളെ മർദ്ദിച്ച് തടാകത്തിൽ തള്ളി. ഇതിലൊരാൾ മരണപ്പെട്ടിരുന്നു. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും മറ്റുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതമാണെന്നുമാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
വിശദ വിവരങ്ങൾ ഇങ്ങനെ
ഇന്നലെ രാത്രി പത്തരയോടെ സനാപൂർ തടാകത്തിന് സമീപത്ത് ഇരിക്കുകയായിരുന്നു നാല് ടൂറിസ്റ്റുകളടങ്ങിയ ഒരു യാത്രാ സംഘം. ഹംപിയിലെ ഒരു ഹോം സ്റ്റേ ഉടമയായ യുവതിയാണ് സ്റ്റാർ ഗേസിംഗ് വിത്ത് മ്യൂസിക് യാത്ര സംഘടിപ്പിച്ചത്. ഇവരുടെ അടുത്ത് മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്നംഗസംഘം പെട്രോളുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ നൂറ് രൂപ തരാൻ ആവശ്യപ്പെട്ടു. അതിനും വിസമ്മതിച്ച ഹോം സ്റ്റേ ഉടമയായ യുവതിയോട് സംഘം തട്ടിക്കയറി, വാഗ്വാദമായി. പിന്നീട് ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്ന് പുരുഷൻമാരെയും അക്രമിസംഘം മർദ്ദിച്ചവശരാക്കി, അവരെ തടാകത്തിലേക്ക് തള്ളിയിട്ടു. പിന്നീടാണ് ഇസ്രയേലി സ്വദേശിനിയായ ടൂറിസ്റ്റിനെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും അക്രമികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വെള്ളത്തിൽ വീണ യുഎസ് പൗരനായ യുവാവും മഹാരാഷ്ട്ര സ്വദേശിയും പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ ഒഡിഷ സ്വദേശിയായ ബിബാഷ് എന്ന യുവാവിനെ കാണാതായി. പതിനാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് തടാകത്തിന്‍റെ ഒരു കൈവഴിയിൽ ഈ യുവാവിന്‍റെ മൃതദേഹം കണ്ടത്. കേസിൽ ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇരുവരും ഗംഗാവതിയിയിലെ സായ് നഗറിൽ കെട്ടിടനിർമാണത്തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ്. അക്രമിസംഘത്തിലെ മൂന്നാമന് വേണ്ടി തെരച്ചിൽ തുടരുകയാണ്. പ്രതികൾക്ക് നേരത്തെയും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. മഞ്ഞുകാലം ഏതാണ്ട് അവസാനിക്കുന്ന ഈ കാലത്ത് ഹംപിയിൽ യാത്രക്കാർ നിരവധി എത്താറുള്ളപ്പോഴാണ് ഈ സംഭവമുണ്ടാകുന്നത് എന്നതാണ് ഏറ്റവും ഗൗരവതരം.