തിരുവനന്തപുരം മെഡിക്കൽ കോളജിനെ നടുക്കി ശരീരഭാഗങ്ങള്‍ കാണാതായ സംഭവത്തിൽ നടപടി, പൊലീസ് കേസെടുത്തു, ആശുപത്രി ജീവനക്കാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ നടുക്കിയ സംഭവമായിരുന്നു ശസ്ത്രക്രിയക്ക് ശേഷം രോഗ നിര്‍ണയത്തിനയച്ച ശരീരഭാഗങ്ങള്‍ (സ്‌പെസിമെന്‍) ആക്രിക്കാരന്‍റെ കൈവശമെത്തിയത്. സംഭവത്തിൽ അതിവേഗ നടപടികളിലേക്ക് കടന്നിരിക്കുകയാണ് സർക്കാർ. മെഡിക്കൽ കോളേജ് പൊലിസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതര സംസ്ഥാന തൊഴിലാളിക്കെതിരെയാണ് പൊലിസ് മോഷണ ശ്രമത്തിന് കേസെടുത്തത്. സൂപ്രണ്ടിന്‍റെ പരാതിയിലാണ് അതിക്രമിച്ചുകയറി മോഷണം നടത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തത്. അറ്റൻഡർ അലക്ഷ്യമായി ഉപേക്ഷിച്ച ശരീര ഭാഗങ്ങളാണ് ഇയാൾ മോഷ്ടിച്ചത്.

അതിനിടെ ആശുപത്രി ജീവനക്കാരന് സസ്‌പെൻഷനും ലഭിച്ചിട്ടുണ്ട്. ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാരൻ അജയകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം സ്‌പെസിമെനുകൾ അലക്ഷ്യമായ രീതിയിൽ ഇട്ടതാണ് അനാസ്ഥക്ക് വഴിവെച്ചതെന്നാണ് കണ്ടെത്തൽ. ശസ്ത്രക്രിയക്ക് ശേഷം സാമ്പിളുകൾ ആരോഗ്യ പ്രവർത്തകർ ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലാക്കി അലക്ഷ്യമായി ഇടുകയായിരുന്നു. ഇതാണ് ആക്രിക്കാരന്‍റെ കയ്യിലെത്തിയതെന്നാണ് വ്യക്തമാകുന്നത്.

പത്തോളജി വിഭാഗത്തിൽ നിന്ന് ലാബിലേക്കയച്ച 17 രോഗികളുടെ ശരീര ഭാഗങ്ങളായിരുന്നു ആക്രിക്കാരൻ കൈക്കലാക്കിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്പെസിമെനുകളെല്ലാം കണ്ടെടുത്തിരുന്നു. ലാബിന് സമീപത്തെ കോണിപ്പടിക്കരികെ ആംബുലൻസിലെത്തിച്ച, ഇന്നലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ രോഗികളുടെ സ്‌പെസിമെനുകളാണ് അപ്രത്യക്ഷമായത്. പരിശോധനക്ക് കൊണ്ടുപോയ ആംബുലന്‍സിലെ ഡ്രൈവറും കൂടെയുണ്ടായിരുന്ന ആശുപത്രി ജീവനക്കാരനും മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. സ്‌പെസിമെനുകള്‍ ആക്രിക്കാരന് കിട്ടിയതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

More Stories from this section

family-dental
witywide