
കൊച്ചി : ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യം കിട്ടി പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയ ഷൈന്‍ അതിവേഗം കാറില്‍ കയറി മടങ്ങുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. എന്‍ഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്. മൂന്നിലേറെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകള്‍ക്കും ശേഷമാണ് ഷൈന് പുറത്തിറങ്ങാനായത്.
താരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നു ഉത്തമ വിശ്വാസം വന്നുവെന്നും തെളിവ് നല്‍കാതിരിക്കാനാണ് ഹോട്ടലിലെ പരിശോധനയ്ക്കിടയില്‍ ഷൈന്‍ ഇറങ്ങി ഓടിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുര്‍ഷിദ് എന്നയാളുമായി ഹോട്ടല്‍ മുറിയില്‍ എത്തിയത് എന്നും എഫ്‌ഐആറിലുണ്ട്. ഇയാളെയും പൊലീസ് വിളിച്ചു വരുത്തി ഇന്ന് ഷൈന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു.
തിങ്കളാഴ്ച താരത്തെ വീണ്ടും ചോദ്യം ചെയ്യും. ആലപ്പുഴയില്‍ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈന്‍ സമ്മതിച്ചു. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈന്‍ തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷന്‍ സെന്ററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞതെന്നും നടന്‍ വെളിപ്പെടുത്തി. അതേസമയം, നടന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആന്റി ഡോപ്പിംഗ് ടെസ്റ്റിന്റെ ഫലമാണ് ഇനി നിര്‍ണായകം.