കൊച്ചി : കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശത്തിനെതിരേ നടന്‍ വിനായകന്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം.
അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാന്‍ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണമെന്ന് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ അധമ കുലജാതന്‍ അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകുമെന്നും കുറിപ്പിലുണ്ട്.
ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ഗോത്ര വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം വിവാദമാകുകയും വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ വിനായകന്‍ എത്തിയത്.
അതേ സമയം കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമര്‍ശം സുരേഷ് ഗോപി പിന്നീട് പിന്‍വലിച്ചിരുന്നു. പിന്നോക്ക വിഭാഗക്കാരുടെ കാര്യം നോക്കാന്‍ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.
ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വസ്ത്രം ഉരിഞ്ഞ് നഗ്നത പ്രദര്‍ശിപ്പിച്ച വിനായകനും ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വ്യാപക വിമര്‍ശനത്തിന് ഇരയായിരുന്നു. പിന്നീട് നടന്‍ തന്നെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.