ഹണി റോസ് എന്ന ഞാന്‍ ഇതാ യുദ്ധം പ്രഖ്യാപിക്കുന്നു, ‘അസഭ്യ അശ്ലീലഭാഷ പണ്ഡിത മാന്യന്മാരെ നിങ്ങളുടെ നേരെ ഞാൻ വരും’

കൊച്ചി: പണത്തിന്റെ ധാർഷ്ട്യത്തിൽ ദ്വയാർത്ഥ പ്രയോഗത്തിലൂടെ അപമാനിക്കുന്നയാൾക്കെതിരെ ഇന്നലെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ നേരിട്ട സൈബർ ആക്രമണത്തിനും അശ്ലീല പരാമര്‍ശങ്ങൾക്കുമെതിരെ പ്രതികരണവുമായി നടി ഹണി റോസ് വീണ്ടും രംഗത്ത്. നിയമനടപടികളിലേക്കും താരം കടന്നു കഴിഞ്ഞു. എന്നിട്ടും പിന്മാറാന്‍ കൂട്ടാക്കാത്തവര്‍ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഹണി റോസിപ്പോള്‍. സമൂഹമാധ്യമങ്ങളിലെ അശ്ലീലഭാഷ പണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്നാണ് നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

ഹണി റോസിന്റെ വാക്കുകൾ

ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്‍റെ ജോലിയുടെ ഭാഗമാണ്. എന്‍റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു Reasonable restriction വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്‍റെ നേരെ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണ സാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു.

More Stories from this section

family-dental
witywide