ഇത് രണ്ടാം ജന്മം! ബാങ്കോക്ക് ഭൂകമ്പത്തിൽ നടി പാർവതിക്ക് അത്ഭുത രക്ഷ, ‘ജീവൻ കയ്യിൽപിടിച്ച് ഓടി, വിറയൽ ഇപ്പോളും മാറിയിട്ടില്ല’

മ്യാൻമാറിലും തായ്ലാൻഡിലുമുണ്ടായ ഭൂചലനത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട വിവരം പങ്കുവെച്ച് നടിയും അവതാരകയുമായ പാർവതി ആർ കൃഷ്‍ണ രംഗത്ത്. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്നും താൻ സുരക്ഷിതയാണെന്നും പാർവതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ബാങ്കോങ്ങിൽ നിന്നും തിരിച്ചു വന്ന ശേഷമാണ് പാര്‍വതി ഇക്കാര്യം പങ്കുവെച്ചത്.

പാര്‍വതിയുടെ വാക്കുകള്‍

ഇതെഴുതുമ്പോഴും ഞാൻ വിറക്കുകയാണ്. പക്ഷെ ജീവിച്ചിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. ഇന്ന് ബാങ്കോക്കിൽ വെച്ച് എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ഏറ്റവും ഭയാനകമായ ഭൂകമ്പത്തിന് ഞാൻ നേരിട്ടു സാക്ഷിയായി. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അവിടെയുള്ള എല്ലാം പിടിച്ചുലച്ചു. കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവനുവേണ്ടി ഓടുന്നതും ഞാൻ കണ്ടു. എല്ലായിടത്തും ഒരുതരം അരക്ഷിതാവസ്ഥയായിരുന്നു. ടാക്സികളില്ല, ഗതാഗതമില്ല, ഒന്നുമില്ല. എല്ലാവരും ആകെ പരിഭ്രാന്തിയിയിൽ ആയിരുന്നു. ആ നിമിഷം ആദ്യം ഞാൻ ചിന്തിച്ചത് എന്റെ പ്രിയപ്പെട്ടവരെ കുറിച്ചായിരുന്നു. ‌പെട്ടെന്ന് എന്റെ കുടുംബാംഗങ്ങളെ വിളിച്ച് അവരോട് സംസാരിച്ചു. അവരോട് അവസാനമായി സംസാരിക്കുന്നതുപോലെ എനിക്കു തോന്നി. അവരോട് സംസാരിച്ച ആ നിമിഷങ്ങൾ ആശ്വാസത്തിന്റെയും നന്ദിയുടെയുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ഇപ്പോഴും ഓർ‌ത്തെടുക്കാൻ ശ്രമിക്കുകയാണ്. ഇതെന്റെ ജീവിതത്തിൽ രണ്ടാമത് ലഭിച്ച അവസരമാണ്. ഭൂകമ്പം ബാധിച്ച എല്ലാവരെയും ഞാനിപ്പോൾ ഓർക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ നമുക്കെല്ലാവർക്കും ശക്തിയും ധൈര്യവും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. അവസാന നിമിഷം ഫ്ലൈറ്റ് ബുക്കിങ്ങിനും മറ്റും സഹായിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങളില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയുമായിരുന്നില്ല. എപ്പോഴും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും – എന്നാണ് പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഭൂകമ്പ സ്ഥലത്തെ വിവരങ്ങൾ പങ്കിട്ടതിനു പിന്നാലെ, ഇന്ന് രാവിലെ താൻ തിരുവനന്തപുരത്ത് സുരക്ഷിതയായി എത്തിയതായും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പാർവതി അറിയിച്ചു.

More Stories from this section

family-dental
witywide