ആലുവ: മുകേഷിനോട് പണം ചോദിച്ചു എന്നത് ശരിയാണെന്ന് വെളിപ്പെടുത്തി പീഡനപരാതി നല്‍കിയ ആലുവ സ്വദേശിയായ നടി. എന്നാല്‍, അത് ബ്ലാക്മെയിലിങ് ആയിരുന്നില്ല. സഹായം എന്ന നിലയിലാണ് താൻ പണം ചോദിച്ചത്. അത് പറയാന്‍ തനിക്ക് നാണക്കേടില്ലെന്നും നടി പറഞ്ഞു. ലൈംഗികപീഡന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. മുകേഷിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നും ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നുമാണ് അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
നടിയുടെ പറഞ്ഞതിങ്ങനെ
ദൈവം എപ്പോഴും സത്യത്തിന്റെ കൂടെയാണ്. സത്യം പറയാമല്ലോ, എന്റെ കൈയില്‍ അത്ര വലിയ തെളിവുകളൊന്നും ഉണ്ടെന്ന് അറിയില്ലായിരുന്നു. പക്ഷേ, അന്വേഷണസംഘം ആദ്യമേ പറഞ്ഞത് ഒരു കാരണവശാലും യൂട്യൂബില്‍ നോക്കരുത്, കൂടെ ഞങ്ങളുണ്ടെന്നാണ്. ഒരു കാരണവശാലും തളരരുതെന്ന് പറഞ്ഞു. ഇതെന്താണ് ഇങ്ങനെ പറയുന്നത് എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ, എസ്.ഐ.ടിയുടെ അത്യുജ്ജല അന്വേഷണം കണ്ടപ്പോള്‍ ഇനി ഞാനാണോ പ്രതിയെന്ന് ചിന്തിച്ചു. ഒരു പ്രശ്‌നം വരുമ്പോള്‍ കള്ളം പെട്ടന്ന് പ്രചരിപ്പിക്കും. അതുകണ്ട് തളരാന്‍ പാടില്ല. നമ്മുടെ ഭാഗത്താണ് സത്യമെങ്കില്‍ പോലീസുകാരുടെ കൂടെ കട്ടയ്ക്ക് നില്‍ക്കുക. അവര്‍ നമ്മളെ ചേര്‍ത്തുപിടിക്കും. നമ്മള്‍ അവര്‍ക്കൊപ്പം പരമാവധി സഹകരിക്കുക.