എംആർ അജിത് കുമാർ ഇല്ലാതെ എന്ത് പട്ടിക! കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച ഡി ജി പി പട്ടികയിൽ അജിത് കുമാറും

തിരുവനന്തപുരം | കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച ഡി ജി പി പട്ടികയില്‍ എം ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍. വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയന്‍ എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ ആഭ്യന്തര വകുപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാളാണ് പട്ടികയിലെ സീനിയര്‍. ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ റവദ ചന്ദ്രശേഖര്‍, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധന ചുമതലയുള്ള എ ഡി ജി പി മനോജ് എബ്രഹാം, എസ് പി ജി അഡീഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്. നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ പട്ടിക തയ്യാറാക്കിയത്.

2025 ജൂണിലാണ് ഷേഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. ആരോപണ വിധേയനായ അജിത് കുമാറിന് ഡി ജി പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. തൃശ്ശൂര്‍ പൂരം കലക്കല്‍, ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വിഷയങ്ങളിലാണ് അജിത് കുമാറിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നത്.

Also Read

More Stories from this section

family-dental
witywide