പ്രയാഗ് രാജ്: 93 വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രയാഗ് രാജിൽ നിന്ന് ആദ്യമായി അന്താരാഷ്ട്ര വിമാനം ടേക്ക് ഓഫ് ചെയ്തു. മഹാകുംഭ മേളയില്‍ പങ്കെടുക്കുന്നതിന് എത്തിയ അന്തരിച്ച ആപ്പിൾ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവലിനെ തിരിച്ചുകൊണ്ടുപോകാനാണ് വിമാനം എത്തിയത്. വിമാനം പവലിനെയും കൊണ്ട് പറന്നുയർന്നു. 1932ലാണ് ഈ വിമാനത്താവളത്തില്‍ ഇതിന് മുമ്പ് ഒരു അന്താരാഷ്ട്ര വിമാനം പറന്നുയർന്നത്. 1932ല്‍ പ്രയാഗ് രാജില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനമായിരുന്നു അത്. ഭൂട്ടാന്‍ എയര്‍വേസിന്റെ വിമാനമാണ് പ്രയാഗ് രാജ് വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം എത്തിയത്.
വിമാനം പ്രയാഗ് രാജില്‍ നിന്ന് ഭൂട്ടാനിലേക്കാണ് പറന്നത്. 1911 ഫെബ്രുവരി 18നാണ് ഇന്ത്യയില്‍ ആഭ്യന്തര വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചത്. ഇപ്പോള്‍ പ്രയാഗ് രാജ് എന്ന് അറിയപ്പെടുന്ന അന്നത്തെ അലഹബാദിലെ ഒരു പോളോ മൈതാനത്തുനിന്ന് ഏകദേശം ആറ് മൈല്‍ അകലെയുള്ള നൈനിയിലേക്ക് ഹെന്റി പിക്വറ്റ് ഹംബര്‍ ബൈപ്ലെയിന്‍ വിമാനം പറത്തുകയായിരുന്നു.
അലഹബാദിലെ വിമാനത്താളത്തിന്റെ നിര്‍മാണം ആരംഭിച്ചത് 1924ലാണ്. 1931ല്‍ അലഹബാദില്‍ വിമാനത്താവളം സ്ഥാപിക്കുകയും യുകെയില്‍ നിന്ന് പരിശീലനം നേടിയ ഒരു ഇന്ത്യന്‍ എയറോഡ്രോം ഓഫീസറെ നിയമിച്ചുകൊണ്ട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സേവനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. 1932 വരെ ലണ്ടനിലേക്ക് നേരിട്ട് സര്‍വീസുകളുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തിയിരുന്ന രാജ്യത്തെ ആദ്യ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായിരുന്നു ഇവിടെ.