
വാഷിംഗ്ടണ്‍ ഡിസി: ജോ ബൈഡനു പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ എന്നിവരുടെ സുരക്ഷാ അനുമതികളും റദ്ദാക്കിയതായി വൈറ്റ് ഹൗസ്. കൂടാതെ, ബൈഡന്റെ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ലിസ മൊണാക്കോയ്ക്കുള്ള സുരക്ഷാ അനുമതികളും റദ്ദാക്കിയിട്ടുണ്ട്. ഇവര്‍ 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ നീതിന്യായ വകുപ്പിന്റെ പ്രതികരണം ഏകോപിപ്പിക്കാന്‍ സഹായിച്ച ഉന്നത ഉദ്യോഗസ്ഥയായിരുന്നു.
കഴിഞ്ഞദിവസം ട്രംപ് തന്റെ മുന്‍ഗാമിയായ ബൈഡന്റെ സുരക്ഷാ അനുമതി റദ്ദാക്കുകയും ദൈനംദിന ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭ്യമാക്കുന്നത് നിര്‍ത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ബൈഡന്‍ ഭരണകൂടത്തിലെ ഉന്നതര്‍ക്കെതിരായ സമാന നീക്കം. ട്രംപിനെതിരായ കേസുകൾക്ക് നേതൃത്വം നൽകിയ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്, മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് എന്നിവരുടെ സുരക്ഷ അനുമതിയും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.
സ്ഥാനമൊഴിഞ്ഞതിനുശേഷവും യുഎസ് പ്രസിഡന്റുമാര്‍ക്ക് ഇന്റലിജന്‍സ് ബ്രീഫിംഗുകള്‍ സ്വീകരിക്കാനുള്ള അവകാശം പരമ്പരാഗതമായി നല്‍കാറുണ്ട്. എന്നാല്‍, 2020 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഡെമോക്രാറ്റ് ബൈഡന്‍ സ്വന്തം സുരക്ഷാ അനുമതി നീക്കം ചെയ്തതിനാലാണ് താന്‍ ഈ നീക്കം നടത്തുന്നതെന്ന് ട്രംപ് വിശദീകരിച്ചിരുന്നു. മാത്രമല്ല, 82 കാരനായ ബൈഡന് ‘ഓര്‍മ്മക്കുറവ്’ ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍, ഇന്റലിജന്‍സ് ബ്രീഫിംഗുകളില്‍ ബൈഡനെ ‘വിശ്വസിക്കാന്‍ കഴിയില്ല’ എന്നും ട്രംപ് അവകാശപ്പെട്ടു.