ഇഎംഎസിന് ശേഷം, കേരളത്തിൽ നിന്നും സിപിഎം ജനറൽ സെക്രട്ടറി, എംഎ ബേബിയെ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തു; പിണറായിക്ക് ഇളവ്, പിബിയിൽ 7 പുതുമുഖങ്ങൾ

മധുര: മധുര പാർട്ടി കോൺഗ്രസ് സി പി എം ജനറൽ സെക്രട്ടറിയായി എം എ ബേബിയെ തിരഞ്ഞെടുത്തു. എം എ ബേബിയെ ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ നേരത്തെ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചിരുന്നു. ഇത് പാർട്ടി കോൺഗ്രസും ശരിവച്ചതോടെ കേരളത്തിൽ നിന്നും രണ്ടാമത്തെ സി പി എം ജനറൽ സെക്രട്ടറിയായാണ് ബേബി എത്തുന്നത്. 1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. പിണറായി വിജയന് ഇക്കുറിയും പാർട്ടി കോൺഗ്രസ് ഇളവ് നൽകിയിട്ടുണ്ട്. പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കിയതിനാല്‍ പൊളിറ്റ് ബ്യൂറോയില്‍ തുടരും. മലയാളിയായ വിജു കൃഷ്ണനടക്കം പിബിയിലേക്ക് 7 പുതുമുഖങ്ങളെയും തെരഞ്ഞെടുത്തു.

യു വാസുകി, മറിയം ധാവ്‌ളെ, ആന്ധ്രപ്രദേശില്‍ നിന്ന് അരുണ്‍കുമാര്‍, പശ്ചിമബംഗാളിൽ നിന്ന് ശ്രീദീപ് ഭട്ടാചാര്യ, രാജസ്ഥാനില്‍ നിന്ന് അംറാ റാം, തമിഴ്നാട്ടിൽ നിന്ന് ബാലകൃഷ്ണൻ എന്നിവരാണ് പിബിയിലെത്തിയ മറ്റ് പുതുമുഖങ്ങള്‍. അന്തരിച്ച മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒഴിവും പ്രായപരിധി കാരണം ആറ് പേരുടെ ഒഴിവുമായിരുന്നു പിബിയില്‍ ഉണ്ടായിരുന്നത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി രാമകൃഷ്ണന്‍ എന്നിവരാണ് ഒഴിഞ്ഞ പി ബി അംഗങ്ങള്‍. പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണ് ഇത്തവണ രൂപീകരിച്ചത്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കേരളത്തില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ എസ് സലീഖ എന്നിവരെയാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. പി കെ ബിജുവിന്റെയും പേര് കേന്ദ്ര കമ്മിറ്റിയിലേക്ക് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും സിസിയിൽ ഉള്‍പ്പെട്ടിട്ടില്ല. സ്ഥിരം ക്ഷണിതാവായി ജോൺ ബ്രിട്ടാസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയില്‍ പി കെ ശ്രീമതിക്കും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇളവ് നൽകിയിട്ടുണ്ട്.

അതേസമയം പാർട്ടി കോൺഗ്രസിൽ മത്സരം നടന്നത് അസാധാരണ സംഭവമായി. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച മഹാരാഷ്ട്രയിൽ നിന്നുള്ള ഡി എല്‍ കരാഡ് തോറ്റു. 31 വോട്ടുകളാണ് ഡി എല്‍ കരാഡിന് ലഭിച്ചത്.

Also Read

More Stories from this section

family-dental
witywide