
ഗുരുഗ്രാം: ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയവെ ലൈംഗിക പീഡനത്തിനിരയായതായി എയര്‍ ഹോസ്റ്റസിന്റെ പരാതി. ഏപ്രില്‍ 6 ന് ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) വെന്റിലേറ്ററില്‍ കഴിയവെയാണ് ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതെന്നാണ് 46കാരിയുടെ മൊഴി. ഏപ്രില്‍ 13 ന് ഡിസ്ചാര്‍ജ് ആയ ശേഷം ഭര്‍ത്താവിനോട് ലൈംഗികാതിക്രമത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് സംഭവം പുറത്തുവന്നതെന്നും അദ്ദേഹമാണ് പൊലീസിനെ അറിയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
എയര്‍ ഹോസ്റ്റസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സദര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ ജോലിചെയ്തിരുന്ന വിമാന കമ്പനിക്കുവേണ്ടി പരിശീലനത്തിനായി ഗുരുഗ്രാമില്‍ എത്തിയതായിരുന്നു. അവര്‍ ഒരു ഹോട്ടലിലാണ് താമസിച്ചത്. ഈ സമയത്ത് ആരോഗ്യം വഷളായതോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ഏപ്രില്‍ 5 ന്, ഭര്‍ത്താവ് അവരെ ഗുരുഗ്രാമിലെ മറ്റൊരു ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് പീഡനം നേരിട്ടത്.
ചികിത്സയ്ക്കിടെ, ഏപ്രില്‍ 6 ന്, അവര്‍ വെന്റിലേറ്ററിലായിരുന്നു, ആ സമയത്ത് ആശുപത്രിയിലെ ചില ജീവനക്കാര്‍ അവരെ ലൈംഗികമായി പീഡിപ്പിച്ചു.അപ്പോള്‍ സംസാരിക്കാന്‍ പോലുമാകുമായിരുന്നില്ലെന്നും വളരെ ഭയന്നിരുന്നുവെന്നും ചുറ്റും രണ്ട് നഴ്സുമാരുണ്ടായിരുന്നുവെന്നും ഇര പരാതിയില്‍ ആരോപിച്ചു. പ്രതിയെ തിരിച്ചറിയാന്‍ ആ സമയത്തെ ഡ്യൂട്ടി വിവരങ്ങള്‍ ശേഖരിക്കും. മാത്രമല്ല, സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഇരയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.