
ബാങ്കോക്ക്: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചതായി പരാതി. ഡൽഹിയിൽ നിന്നും ബാങ്കോക്കിലേക്കുള്ള വിമാനത്തിലാണ് അനിഷ്ട സംഭവമുണ്ടായത്. വിമാനത്തിലെ ജീവനക്കാർ യാത്രക്കാരന് നിരവധി തവണ മുന്നറിയിപ്പ് നൽകിയെങ്കിലും യാത്രക്കാരൻ സഹയാത്രികനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അതിക്രമത്തിനിരയായ യാത്രക്കാരനോട് ബാങ്കോക്കിൽ എത്തിയ ശേഷം പരാതി നൽകാൻ വിമാനത്തിലെ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ വിസമ്മതിച്ചു.
എയർ ഇന്ത്യ സംഭവം ഡിജിസിഎ അറിയിക്കുകയും ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിഷയത്തെക്കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിങ് കമ്മിറ്റിയെ നിയോഗിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. 2022 ൽ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് വൻ വിവാദമായിരുന്നു.