യുഎസ്-ചൈന തീരുവ യുദ്ധത്തില്‍ ഇന്ത്യക്കുള്ള ആദ്യ നേട്ടം ഇതാണോ! ചൈന വേണ്ടന്നു പറഞ്ഞ ബോയിംഗ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തുമോ?

വാഷിംഗ്ടണ്‍: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിനിടയില്‍ ചൈനീസ് വിമാനക്കമ്പനികള്‍ നിരസിച്ച ബോയിംഗ് കമ്പനി വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെയും ബോയിംഗിന്റെയും പ്രതിനിധികള്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചൈനീസ് എയര്‍ലൈനുകള്‍ ഈയിടെ വാങ്ങിച്ച ബോയിംഗ് വിമാനങ്ങള്‍ അമേരിക്കയിലേക്ക് തന്നെ തിരിച്ചയച്ചതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 737 MAX ജെറ്റ് അടുത്തിടെ ബോയിംഗിന്റെ സിയാറ്റില്‍ ഉല്‍പാദന കേന്ദ്രത്തില്‍ എത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ചൈന – യുഎസ് താരിഫ് യുദ്ധം കടുത്തത്തോടെ ബോയിങ് വിമാനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ചൈനയുടെ ഭരണകൂടം എയര്‍ലൈന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിനു തൊട്ടുപിന്നാലെയാണ് ബോയിങ് വിമാനങ്ങള്‍ തിരിച്ചയക്കാന്‍ ചൈന ആരംഭിച്ചത്.

ചൈനയിലെ രണ്ട് പ്രധാന വിമാനക്കമ്പനികള്‍ക്കായി ബോയിംഗിന്റെ ഷൗഷാന്‍ ഡെലിവറി സെന്ററില്‍ തുടക്കത്തില്‍ തയ്യാറാക്കിക്കൊണ്ടിരുന്ന മൂന്ന് ബോയിംഗ് 737 ങഅത 8 വിമാനങ്ങള്‍ യുഎസിലേക്ക് തിരിച്ചുവിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള വ്യാപാര തര്‍ക്കം ബോയിംഗിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന വിലയിരുത്തലുകള്‍ വന്നിരുന്നു. ഇതിനിടെയാണ് ചൈന നിരസിക്കുന്ന ബോയിങ് വിമാനങ്ങള്‍ എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

More Stories from this section

family-dental
witywide