വാഷിംഗ്ടൺ: മദ്യ ലേബലുകളിൽ കാൻസർ അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്ന് യുഎസ് സർജൻ ജനറൽ പറഞ്ഞു. മദ്യോപയോഗം സ്തന, വൻകുടൽ, കരൾ, അർബുദങ്ങൾക്ക് കാരണമമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെ ലേബലിൽ മുന്നറിയിപ്പ് വേണമെന്നും യു.എസ് സർജൻ ജനറൽ വിവേക് മൂർത്തി വ്യക്തമാക്കി.
മദ്യപാനത്തിൻ്റെ പരിധിയെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്നും അതിലൂടെ ആളുകൾക്ക് കാൻസർ അപകടസാധ്യത കണക്കാക്കാൻ കഴിയുമെന്നും, ജനന വൈകല്യങ്ങൾ സംബന്ധിച്ച നിലവിലെ മുന്നറിയിപ്പുകൾക്കൊപ്പം കാൻസർ മുന്നറിയിപ്പും നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പുകയിലയ്ക്കും പൊണ്ണത്തടിക്കും ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാൻസറിന് കാരണമാകുന്ന മൂന്നാമത്തെ പ്രധാന കാരണമാണ് മദ്യപാനം. മദ്യ ഉപയോഗം കുറഞ്ഞത് ഏഴ് തരം ക്യാൻസറുകളെങ്കിലും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഓരോ വർഷവും 100,000 കാൻസർ കേസുകൾക്കും 20,000 കാൻസർ മരണങ്ങൾക്കും മദ്യം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.