”ഹണി നല്‍കിയത് വ്യാജപരാതി, ബോബിയെ മാലയിട്ട് സ്വീകരിക്കും”- ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് പുരുഷന്‍മാരുടെ സംഘടനയായ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ രംഗത്ത്. ജാമ്യം ലഭിക്കുന്നതോടെ ബോബി ചെമ്മണ്ണൂരിന് വിപുലമായ സ്വീകരണം നല്‍കുമെന്ന് സംഘടനാ ഭാരവാഹി വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. കാക്കനാട് ജയിലിനു മുന്നിലാണ് സ്വീകരണം നല്‍കുന്നത്. നടി ഹണി റോസ് നല്‍കിയത് വ്യാജപരാതിയാണെന്നു ബോധ്യപ്പെട്ടതിനാലാണ് ബോബിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും അജിത് കുമാര്‍.

അജിത് പറയുന്നതിങ്ങനെ:

”ബോബി ചെമ്മണ്ണൂര്‍ സംഘടിപ്പിച്ച രണ്ടു പരിപാടികളില്‍ ഉദ്ഘാടകയായി ഹണി റോസ് പോയിരുന്നു. അദ്ദേഹവുമായി വളരെ സന്തോഷത്തോടെ കൈകൊടുത്ത് ഡാന്‍സ് ചെയ്തിരുന്നു. അതിന്റെ വിഡിയോയെല്ലാം ഹണി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അന്ന് അദ്ദേഹത്തെ കുറിച്ച് നല്ലതാണ് പറഞ്ഞത്. പിന്നീട് മാസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിനെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതില്‍ ദുരൂഹതയുണ്ട്. പത്താംതീയതി ഹണിയുടെ ഒരു സിനിമ റിലീസിനു തയാറായിരുന്നു. അതിന്റെ പ്രൊമോഷന്റെ ഭാഗമായിരിക്കും ഇത്. ബോബി ചെമ്മണ്ണൂരിനെ തേജോവധം ചെയ്തത് എന്തൊക്കെയോ നേട്ടങ്ങള്‍ക്കു വേണ്ടിയാണെന്നു മനസ്സിലായി. അദ്ദേഹം ഒരു ഇരയാണെന്നു കണ്ടിട്ടാണ് അദ്ദേഹത്തെ മാലയിട്ടു സ്വീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. പൂമാലയിട്ടും പടക്കം പൊട്ടിച്ചും ഗംഭീരസ്വീകരണമാണ് അദ്ദേഹത്തിനു നല്‍കുന്നത്. ബോബി ചെമ്മണ്ണൂര്‍ ‘ഡബിള്‍ മീനിങ്ങി’ല്‍ സംസാരിക്കുന്ന ആളാണെന്നു മനസ്സിലാക്കിയാണല്ലോ ഹണി റോസ് ഉദ്ഘാടനത്തിനു പോയത്. ബോബി ചെമ്മണ്ണൂര്‍ എന്നു പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നര്‍മം കലര്‍ന്ന വാക്കുകളാണ് നമുക്ക് ഓര്‍മവരിക. ഇതെല്ലാം മനസ്സിലാക്കിയാണ് രണ്ടു പരിപാടികള്‍ക്കു പോയത്. സന്തോഷമായി പിരിഞ്ഞതിനു ശേഷം ഇത്തരത്തില്‍ ഒരു പരാതി നല്‍കുന്നതിനെ അംഗീകരിക്കാനാകില്ല. ഹണി റോസിനെ പോലെ ഒരാള്‍ ഒരു യുദ്ധം പ്രഖ്യാപിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇറങ്ങി വരുമ്പോള്‍ തിരിച്ച് നമ്മളും ഒരു യുദ്ധം പ്രഖ്യാപിക്കണമല്ലോ. സ്ത്രീകളെല്ലാം ഇങ്ങനെ വ്യാജപരാതിയുമായി വന്നാല്‍ ഈ നാട്ടിലെ പുരുഷന്മാര്‍ എന്തു ചെയ്യും? ആദ്യത്തെ പരിപാടിയില്‍ എന്തെങ്കിലും മോശമായി തോന്നിയിരുന്നെങ്കില്‍ രണ്ടാമത്തെ പരിപാടിക്ക് ഹണി റോസ് പോകില്ല. അതുകൊണ്ടാണ് ഇതൊരു വ്യാജ പരാതിയാണെന്നു പറയുന്നത്. സന്തോഷത്തോടെയാണ് അവര്‍ പിരിയുന്നത്. ഒരു ബുദ്ധിമുട്ടുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ പറയണമായിരുന്നു. നാലോ അഞ്ചോ മാസങ്ങള്‍ക്കു ശേഷം അവരുടെ ഒരു സിനിമ റിലീസാകുന്നതിനു മുന്‍പല്ല ഇങ്ങനെ പറയേണ്ടത്. അവരുടെ ഈ സിനിമയിലെ കഥാപാത്രവും ഇതുമായി ബന്ധപ്പെട്ടതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇങ്ങനെ പറയുന്നത് പ്രൊമോഷന്റെ ഭാഗമായിരിക്കാം. അദ്ദേഹത്തിന്റെ പണം തട്ടാനാണോ എന്നതും പരിശോധിക്കണം. ഒരുപാട് നടന്‍മാരുടെ കൂടെ ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച സ്ത്രീയാണ്. അത്തരത്തിലുള്ള ഒരാള്‍ ഇങ്ങനെ പറയുന്നത് സമൂഹത്തിനു നല്‍കുന്ന തെറ്റായ സന്ദേശമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം.

More Stories from this section

family-dental
witywide