
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാര്‍ലിമെന്റില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും കനത്ത തിരിച്ചടിയുടെ സൂചന നൽകി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സാഹചര്യവും ഇന്ത്യ ഇതുവരെ കൈക്കൊണ്ട നടപടികളും വിശദീകരിച്ചു. അമർനാഥ് യാത്രക്ക് മുമ്പേ ബൈസരൻ താഴ്വര തുറന്നത് സുരക്ഷസേനയുടെ അറിവോടെയല്ലെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. ഇന്ത്യയെ നടുക്കിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.
ജമ്മു കശ്മീരില്‍ എത്രയും പെട്ടെന്ന് സമാധാനം പുനസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ രാജ്യത്തെ അറിയിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യമന്ത്രി ജെ പി നദ്ദ, പാര്‍ലിമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.