
ന്യൂഡല്‍ഹി : ഇന്നലെയായിരുന്നു ബിജെപി നേതാവ് രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പത്തുവര്‍ഷത്തോളമായി ആംആദ്മി സര്‍ക്കാര്‍ കൈവശം വെച്ച അധികാര കസേരയിലേക്ക് എത്തിയതോടെ രേഖ ഗുപ്ത ആദ്യം ചെയ്ത ഔദ്യോഗിക നീക്കങ്ങളില്‍ ഒന്ന് എഎപി സര്‍ക്കാരിന്റെ കാലത്തെ താത്കാലിക നിയമനങ്ങള്‍ റദ്ദാക്കുക എന്നതായിരുന്നു.
മുന്‍ സര്‍ക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ദില്ലി മുഖ്യമന്ത്രി ഉത്തരവിറക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ നിയമനങ്ങള്‍ ആണ് റദ്ദാക്കിയത്. പുതിയ നിയമനത്തിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രിയുടെ നിര്‍ദേശം ഉണ്ട്. വിവിധ കോര്‍പറേഷനുകള്‍ ആശുപത്രികള്‍ വകുപ്പുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരേയും ഒഴിവാക്കി.
അതേസമയം, കെജ്രിവാളിനെ അഴിമതിയാരോപണത്തില്‍ വെള്ളം കുടിപ്പിച്ച ഔദ്യോഗിക വസതിയിലായിരിക്കില്ല പുതിയ മുഖ്യമന്ത്രിയുടെ താമസം. കെജ്രിവാള്‍ താമസിച്ച വിവാദമായ സിവില്‍ ലൈന്‍സിലെ 6 ഫ്‌ലാഗ് സ്റ്റാഫ് റോഡിലെ വസതിയില്‍ താമസിക്കില്ലെന്നും ഇത് മ്യൂസിയമാക്കുമെന്നും രേഖാ ഗുപ്ത വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി മൂന്ന് വസതികളുടെ പട്ടിക പൊതുമാരാമത്ത് വകുപ്പ് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് വസതികള്‍ ദീന്‍ ദയാല്‍ ഉപാധ്യയായ മാര്‍ഗിലും, ഒരെണ്ണം സിവില്‍ ലൈന്‍സിലുമാണ്. ഇവയില്‍ ഏതാണ് മുഖ്യമന്ത്രി തിരഞ്ഞെടുക്കുക എന്നത് പിന്നീടറിയാം.