ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെ സന്ധ്യ തിയറ്ററിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീതേജയെ സന്ദര്‍ശിച്ച് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയിലെത്തിയാണ് താരം കുട്ടിയെ സന്ദര്‍ശിച്ചത്.
അല്ലുവിനൊപ്പം തെലങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (എഫ്ഡിസി) ചെയര്‍മാന്‍ ദില്‍ രാജുവും ആശുപത്രിയിലെത്തിയിരുന്നു. നടന്‍ എത്തുന്നതിനു മുന്നോടിയായി ആശുപത്രിയില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു.
പുഷ്പ രണ്ടാം ഭാഗത്തിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായതിക്കിലു തിരക്കിലും പെട്ട് ശ്രീതേജയുടെ അമ്മ രേവതി മരിച്ചിരുന്നു. സന്ദര്‍ശനം രഹസ്യമാക്കിവയ്ക്കണമെന്നു ചൂണ്ടിക്കാട്ടി രാംഗോപാല്‍പേട്ട് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അല്ലു അര്‍ജുനോട് ആവശ്യപ്പെട്ടിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് അല്ലു അര്‍ജുനെത്തിയത്.
ശ്രീതേജയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ ഒരു കോടി രൂപ നല്‍കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായ നടന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.