
വാഷിംഗ്ടൺ: ഇന്ത്യയിലെ സുഗമമായ വോട്ടെടുപ്പിൽ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎസ് സഹായധനം നിർത്തലാക്കിയ യുഎസ് തീരുമാനം വന്നത് ഇന്ത്യയിൽ വൻ വിവാദമായി മാറിയിരുന്നു. യുഎസ് നൽകിവരുന്ന 21 ദശലക്ഷം ഡോളറിന്റെ (2.1 കോടി ഡോളർ) സഹായം നിർത്തലാക്കാൻ കഴിഞ്ഞ ദിവസമാണ്‘ഡോജ്’ (ഡിപ്പാർട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തീരുമാനിച്ചത്. എന്നാൽ, ഇന്ത്യക്കല്ല ഈ സാഹയം നൽകിയതെന്നും ബംഗ്ലദേശിനായിരുന്നുവെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു
പക്ഷേ ഇന്ത്യയിൽ പോളിങ് ശതമാനം ഉയർത്താനെന്ന പേരിൽ, തെരഞ്ഞെടുപ്പ് രംഗത്ത് ഇടപെടാൻ അമേരിക്ക 170 കോടി ചെലവാക്കിയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. അമേരിക്കയിൽ വോട്ടർ പങ്കാളിത്തം ഉയർത്താൻ ഇത് പോലെ പണം ചെലവഴിക്കാതിരുന്നത് എന്ത് കൊണ്ടാണെന്നും ട്രംപ് ചോദ്യം ഉന്നയിച്ചു. യുഎസ് ഫണ്ട് വന്നത് ആശങ്കാജനകമെന്ന് വിദേശകാര്യ വക്താവ് പ്രതികരിച്ചെങ്കിലും അമേരിക്കയോട് ഇതിന്റെ വിശദാംശം ആവശ്യപ്പെടാൻ ഒരു സർക്കാർ ഏജൻസിയും തയ്യാറായിട്ടില്ല.
യുഎസ് എയ്ഡ് വഴി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രംഗത്ത് ഇടപെടാൻ അമേരിക്ക ഫണ്ട് നൽകിയത് ഡോണൾഡ് ട്രംപ് തന്നെ മുൻ ബൈഡൻ ഭരണകൂടത്തിനെതിരെ ആയുധമാക്കുകയാണ്. ഇന്ത്യയിൽ ഇഷ്ടക്കാരെ തെരഞ്ഞെടുക്കാൻ ബൈഡൻ ശ്രമിച്ചുവെന്നാണ് ട്രംപ് ആദ്യം ആരോപിച്ചത്. ഇന്ത്യയിലെ സംഘടനകൾക്ക് നൽകിയത് കൈക്കൂലിയാണെന്നും ഇതിൽ ഒരു വിഹിതം തിരിച്ച് അമേരിക്കയിൽ തന്നെ എത്തുന്നുണ്ടെന്നും ട്രംപ് ആരോപിച്ചിരുന്നു.