യുഎസിനെ വിടാതെ വിമാന അപകടം ; അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് ഡെന്‍വര്‍ എയര്‍പോര്‍ട്ടില്‍വെച്ച് തീപിടിച്ചു

ഡെന്‍വര്‍: ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. കൊളറാഡോ സ്പ്രിംഗ്‌സില്‍ നിന്നും ഡാളസ് ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനം എഞ്ചിന്‍ തകരാറുമൂലം വഴി തിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് എഞ്ചിനില്‍ നിന്നും തീ പടര്‍ന്നത്. ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ 178 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ ആളുകളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു വീഡിയോയില്‍, വിമാനം ഒഴിപ്പിക്കുന്നതിനിടെ യാത്രക്കാരെ വിമാനത്തിന്റെ ചിറകിലേക്ക് നിര്‍ബന്ധിതമായി ഇറക്കിയതായി കാണാം. വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നുവരുന്നതും തീ നാളങ്ങള്‍ ഉയരുന്നതും കാണാം.

തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. തീപിടിത്തത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, അമേരിക്കയില്‍ വിമാന അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ തന്നെ റീജിയണല്‍ ജെറ്റും അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹേലികോപ്റ്ററും ആകാശത്തുവെച്ച് കൂട്ടിയിടിച്ച് 67 പേര്‍ മരണപ്പെട്ടത് അടുത്തിടെയായിരുന്നു,

More Stories from this section

family-dental
witywide