
വാഷിംഗ്ടൺ: വിസ നയത്തിൽ യുഎസിന്‍റെ കർശനമായ നിലപാട് ആവർത്തിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുഎസ് വിസകൾ അവകാശമല്ല, മറിച്ച് പദവിയാണ് എന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ. അമേരിക്കൻ നിയമങ്ങളോടും മൂല്യങ്ങളോടും ആദരവ് പ്രകടിപ്പിക്കുന്നവർക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ – പലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതില്‍ പങ്കെടുത്ത വിദേശ വിദ്യാർഥികൾക്കെതിരെ രാജ്യവ്യാപകമായി നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് റൂബിയോ നിലപാട് വ്യക്തമാക്കിയത്. ‘യുഎസ് വിസകൾ ഒരു അവകാശമല്ല, മറിച്ച് ഒരു പദവിയാണ്. അമേരിക്കയെ മികച്ചതാക്കാൻ ശ്രമിക്കുന്നവർക്കായി അവ നീക്കിവെച്ചിരിക്കുന്നത്. അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കല്ല’ – മാര്‍ക്കോ റൂബിയോ പറഞ്ഞു.