സ്റ്റാലിന് അമിത് ഷായുടെ മറുപടി,”തമിഴ് ഭാഷയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകള്‍ അവതരിപ്പിക്കൂ…”

ന്യൂഡല്‍ഹി: ഹിന്ദി സംസാരിക്കാത്തവര്‍ക്കെതിരെ കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആരോപണത്തിന് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറഞ്ഞ് ആഭ്യന്തര മന്ത്രി അമിത് ഷാ.

സംസ്ഥാന സര്‍ക്കാര്‍ തമിഴ് ഭാഷയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകള്‍ അവതരിപ്പിക്കണമെന്നാണ് സ്റ്റാലിനെ പരിഹസിച്ച് അമിത് ഷാ പറഞ്ഞത്. ഇക്കാര്യത്തില്‍ ഡി.എം.കെ. മേധാവി വേണ്ടത്ര കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും പ്രാദേശിക ഭാഷകളെ ഉള്‍പ്പെടുത്തുന്നതിനായി റിക്രൂട്ട്മെന്റ് നയങ്ങളില്‍ പ്രധാന മാറ്റങ്ങള്‍ വരുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരാണെന്നും അമിത് ഷാ അവകാശപ്പെട്ടു.

‘ഇതുവരെ, കേന്ദ്ര സായുധ പൊലീസ് സേന (സി.എ.പി.എഫ്) കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റില്‍ മാതൃഭാഷ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. നമ്മുടെ യുവാക്കള്‍ക്ക് ഇപ്പോള്‍ എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളിലും തമിഴ് ഉള്‍പ്പെടെ സി.എ.പി.എഫ് പരീക്ഷ എഴുതാന്‍ കഴിയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണമാണ്’ അമിത് ഷാ പറഞ്ഞു. ‘മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകളുടെ പാഠ്യപദ്ധതി തമിഴ് ഭാഷയില്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ഞാന്‍ തമിഴ്നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.’ അദ്ദേഹം പരിഹാസ രൂപേണ കൂട്ടിച്ചേര്‍ത്തു.

ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) വഴി കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഒരു നീണ്ട സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. ബിജെപിയുടെ ശ്രമങ്ങള്‍ തമിഴ്നാടിന്റെ ഭാഷാപരമായ സ്വത്വത്തിന് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനാണ് അമിത് ഷാ മറുപടി പറഞ്ഞത്.

More Stories from this section

family-dental
witywide