ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്കെത്തുന്ന യമുനാ നദിയിലെ വെള്ളത്തില്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നുവെന്ന് ആരോപിച്ചതിന് പിന്നാലെ കൂടുതല്‍ കുറ്റപ്പെടുത്തലുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി. യമുനയിലെ വെള്ളം ഇനി തങ്ങള്‍ക്ക് സംസ്‌കരിച്ച് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് അതിഷി ഇന്ന് രാവിലെ പറഞ്ഞത്. മാത്രമല്ല, വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലും ആവശ്യപ്പെട്ടു.
‘ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ യമുനയിലെ വെള്ളത്തില്‍ അമോണിയയുടെ അളവ് സാധാരണയേക്കാള്‍ 6 മടങ്ങ് കൂടുതലാണ്. ഈ അളവ് മനുഷ്യശരീരത്തിന് അങ്ങേയറ്റം വിഷമാണ്. ഈ വെള്ളം ശുദ്ധീകരിച്ച് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കഴിയില്ല. അല്ലെങ്കില്‍, അവരുടെ ജീവന്‍ അപകടത്തിലാകും,’ അതിഷി പറഞ്ഞു.
ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ ജലശുദ്ധീകരണ പ്ലാന്റുകള്‍ക്ക് 1 പിപിഎം ലെവല്‍ വരെ അമോണിയ സംസ്‌കരിക്കാന്‍ കഴിയുമെന്നും എന്നാല്‍ ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ അമോണിയയുടെ അളവ് സംസ്‌കരിക്കാവുന്ന പരിധിയേക്കാള്‍ 700% കൂടുതലാണെന്നും അതിഷി അറിയിച്ചു. ഇതോടെ നഗരത്തിലെ ജലവിതരണം 15-20% വരെ കുറച്ചതായും അവര്‍ പറഞ്ഞു. കുടിവെള്ളത്തിലെ ഉയര്‍ന്ന അളവിലുള്ള അമോണിയ ആരോഗ്യ പ്രതിസന്ധിയുണ്ടാക്കുമെന്നും വൃക്ക തകരാറിലാക്കുമെന്നും അതിഷി അവര്‍ മുന്നറിയിപ്പ് നല്‍കി.
ഈ വിഷയത്തില്‍ രാഷ്ട്രീയമുണ്ടെന്നും ഡല്‍ഹിയിലെ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ മനഃപൂര്‍വ്വം സ്വാധീനിക്കാനുള്ള ജല ഭീകരതയാണിതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമെന്ന ഭയത്താലാണ് ബിജെപി ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചതെന്നാണ് മുഖ്യമന്ത്രി ഇന്നലെ ആരോപിച്ചത്. ഫെബ്രുവരി 5 ന് ഡല്‍ഹിയിലെ ജനങ്ങള്‍ ഈ പാപത്തിന് ബിജെപിക്ക് ഉത്തരം നല്‍കുമെന്നും അവര്‍ പറഞ്ഞിരുന്നു.
ഡല്‍ഹിയിലെ ജനങ്ങളെ ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന് ഇരയാക്കിയെന്നും ഇതിനേക്കാള്‍ വെറുപ്പുളവാക്കുന്ന മറ്റൊന്നില്ലെന്നും ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു.
എന്നാല്‍, ഹരിയാന എഎപിയുടെ ആരോപണങ്ങള്‍ നിഷേധിക്കുകയും മാനനഷ്ടക്കേസ് നല്‍കുമെന്ന് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അടിസ്ഥാന രഹിതമാണെന്നും കെജ്രിവാള്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുമെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും വ്യക്തമാക്കി.