
ഡൽഹി: അമേരിക്ക സൈനിക വിമാനങ്ങളിൽ ഇന്ത്യയിലേക്ക് തിരിച്ചയച്ചവരിൽ രണ്ട് പേർ കൊലപാതകക്കേസിൽ പിടിയിലായതായി റിപ്പോര്‍ട്ട്. അമേരിക്ക സൈനിക വിമാനങ്ങളിൽ തിരികെ അയച്ച 117 അനധികൃത കുടിയേറ്റക്കാരിൽ ബന്ധുക്കളായി രണ്ട് യുവാക്കളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സന്ദീപ് സിംഗ്, ബന്ധുവായ പ്രദീപ് സിംഗ് എന്നിവരെ പാട്യാലയിലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് പിടികൂടുകയായിരുന്നു. ഇവരെ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു.
2023ൽ രാജ്പുരയിലാണ് കൊലപാതകം നടന്നത്. ഇവര്‍ക്ക് അമേരിക്കയിലേക്ക് പോകാനായി 1.20 കോടി രൂപയോളം ചെലവ് വന്നതായാണ് കുടുംബം വിശദമാക്കിയത്. ശനിയാഴ്ചയാണ് ഇവർ രണ്ട് പേരെയും രാജ്പുര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിൽ നിന്ന് പാഠം പഠിക്കണമെന്നും അനധികൃത വഴികളിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് എത്തി സുഖമായി ജീവിക്കാമെന്നുമുള്ള ധാരണ മനസിൽ നിന്ന് നീക്കണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭാഗ്വാന്ത് സിംഗ് മൻ കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തിരുന്നു.
2021ൽ മാല പൊട്ടിക്കൽ കേസിൽ പൊലീസ് തിരയുന്ന ലുധിയാന സ്വദേശിയായ ഗുർവീന്ദർ സിംഗിന്‍റെ ഇന്ത്യയിൽ എത്തിയതിന് പിന്നാലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുരുക്ഷേത്രയിലെ ഫിയോവ സ്വദേശിയായ സാഹിൽ വർമ എന്നയാളെയും പിടികൂടിയിട്ടുണ്ട്. ഹരിയാന പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2022 മെയ് മാസത്തിൽ പീഡിപ്പിച്ചതാണ് കേസ്. വിയറ്റ്നാമിലേക്കും ഇവിടെ നിന്ന് ഇറ്റലിയിലേക്കും പിന്നീട് മെക്സിക്കോ അതിർത്തി വഴി അമേരിക്കയിലേക്കും ഇയാൾ കടക്കുകയായിരുന്നു.