അനന്തുകൃഷ്ണന്റെ പാതിവില തട്ടിപ്പ്: കേസ് എടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: കേരളത്തെ മുഴുവൻ പറ്റിച്ച ‘പാതിവില’തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മുഖ്യപ്രതി അനന്തുകൃഷ്ണന്റെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ തേടി ഇഡി എത്തി. വിവിധ ബാങ്കുകൾക്ക് നോട്ടിസ് നൽകി. തട്ടിപ്പുനടന്ന കാലയളവിലെ ഇടപാടുവിവരങ്ങളാണ് തേടിയിരിക്കുന്നത്. പൊലീസ് കേസിൽ പ്രതിയാക്കപ്പെട്ടിട്ടുള്ളവരെല്ലാം ഇഡി കേസിലും പ്രതികളാകും.

പരാതിക്കാരെ ഉടൻതന്നെ പ്രാഥമിക മൊഴിയെടുപ്പിനായി വിളിപ്പിക്കും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രാഷ്ട്രീയനേതൃത്വത്തിലേക്ക് അന്വേഷണം കൊണ്ടുപോകാതിരിക്കുമ്പോൾ കേസുമായി ഏതെങ്കിലുംതരത്തിൽ ബന്ധമുള്ള എല്ലാവരെയും ചോദ്യംചെയ്യാനാണ് ഇഡി.യുടെ തീരുമാനം.

വെള്ളിയാഴ്ചയാണ് ഇഡി കേസ് റജിസ്റ്റർചെയ്തത്. അനന്തുകൃഷ്ണന്റെ അക്കൗണ്ടുകളിലൂടെ ഒന്നരവർഷത്തിനുള്ളിൽ 450 കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകളാണ് ബാങ്കുകളോട് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രൊഫഷണൽ സർവീസ് ഇനവേഷൻസ്, സോഷ്യൽ ബീ വെൻച്വേഴ്‌സ്, ഗ്രാസ് റൂട്ട് ഇനവേഷൻസ് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പുനടത്തിയ പണത്തിലെ ഏറിയപങ്കും പോയിരിക്കുന്നത്. ഈ അക്കൗണ്ടുകളിൽനിന്ന് ആരുടെയൊക്കെ അക്കൗണ്ടുകളിലേക്ക് പണം പോയിട്ടുണ്ടെന്നും അവർക്ക് അനന്തുകൃഷ്ണനുമായുള്ള ബന്ധവും ഇ.ഡി. പരിശോധിക്കും.

കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനെ ഇ.ഡി. ചോദ്യംചെയ്യും. വൻകിട കമ്പനികളുടെ സാമൂഹികപ്രതിബന്ധതാ ഫണ്ട് (സി.എസ്.ആർ.) ഉപയോഗിച്ച് പകുതിവിലയ്ക്ക് സ്‌കൂട്ടർ ഉൾപ്പെടെയുള്ളവ നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് അനന്തുകൃഷ്ണനും സംഘവും സാധാരണക്കാരെ കബളിപ്പിച്ചത്.

Ananthukrishnan’s half-price scam Enforcement Directorate takes up case

More Stories from this section

family-dental
witywide