
കൊല്ലം: കേരളത്തെ നടുക്കി വീണ്ടും അരുംകൊലയും ആത്മഹത്യയും. കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം അക്രമി ആത്മഹത്യ ചെയ്തു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജാണ് കുത്തേറ്റ് മരിച്ചത്. ഫെബിന്‍റെ അച്ഛനും കുത്തേറ്റു. കാറിൽ രക്ഷപ്പെട്ട അക്രമി നീണ്ടകര സ്വദേശി തേജസ് രാജാണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് കണ്ടത്.
വിശദ വിവരങ്ങൾ
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് നാടിനെ നടുക്കി ആക്രമണം നടന്നത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഡിഗ്രി വിദ്യാർഥി ഫെബിൻ ജോർജിനെയാണ് വീട്ടിൽ കയറി കുത്തിക്കൊന്നത്. അക്രമം തടയാൻ ശ്രമിച്ച ഫെബിന്‍റെ അച്ഛനും കുത്തേറ്റു. അച്ഛൻ ഇപ്പോൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട അക്രമി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. നീണ്ടകര സ്വദേശി തേജസ് രാജിന്‍റെ മൃതദേഹം കടപ്പാക്കടയിലെ റെയിൽവേ ട്രാക്കിൽ നിന്നാണ് കണ്ടെത്തിയത്. സമീപത്തായി പ്രതി എത്തിയ കാറും കണ്ടെത്തിയിട്ടുണ്ട്. അക്രമിയുടെ മൃതദേഹം തന്നെയാണ് റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ സ്ഥിരീകരിച്ചു. കൊലപാതകത്തിന്‍റെ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഇക്കാര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.