ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സിന് സമീപം പുതിയ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് 31,000 പേരോട് ഒഴിഞ്ഞുപോകാന്‍ അദികൃതര്‍ നിര്‍ദ്ദേശിച്ചു. ബുധനാഴ്ച ലോസ് ഏഞ്ചല്‍സിന് വടക്ക് ഭാഗത്തായാണ് പുതിയൊരു കാട്ടുതീ പടര്‍ന്നത്. രണ്ട് മാരകമായ തീപിടുത്തങ്ങള്‍ക്ക് ശേഷമാണ് പുതിയ തീ പിടുത്തം ഭീതി സൃഷ്ടിക്കുന്നത്. ഇതിനകം പതിനായിരക്കണക്കിന് ആളുകള്‍ വീടുകള്‍ ഒഴിയാന്‍ നിര്‍ബന്ധിതരായി.
കാസ്‌റ്റൈക് തടാകത്തിന് സമീപമുള്ള കുന്നിന്‍ പ്രദേശങ്ങളെയാണ് ഭയാനകമായ തീജ്വാലകള്‍ വിഴുങ്ങുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ 8,000 ഏക്കറിലധികം (3,200 ഹെക്ടര്‍) വിസ്തൃതിയിലേക്ക് അതിവേഗം തീ പടര്‍ന്നു. ശക്തമായതും വരണ്ടതുമായ സാന്താ അന കാറ്റുകള്‍ പ്രദേശത്ത് വീശിയടിച്ചതോടെ തീജ്വാലകള്‍ക്ക് ആളിപ്പടരുന്നുണ്ട്. ഇതാണ് കൂടുതലിടങ്ങളിലേക്ക് തീ പടരുമെന്ന ആശങ്ക ഉണര്‍ത്തുന്നത്.
സാന്താ ക്ലാരിറ്റ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന തടാകത്തിന് ചുറ്റുമുള്ള 31,000 പേരോടാണ് സുരക്ഷയുടെ ഭാഗമായി ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ടിരിക്കുന്നത്. ലോസ് ഏഞ്ചല്‍സിന് ഏകദേശം 56 കിലോമീറ്റര്‍ വടക്കായാണ് ഈ പ്രദേശം.