
വാഷിംഗ്ടൺ: യുഎസിലുടനീളമുള്ള ‘ടെസ്‌ല’ കാർ ഷോറൂമുകൾക്ക് പുറത്ത് വൻ പ്രതിഷേധം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വേണ്ടി സർക്കാർ ചെലവ് വെട്ടിക്കുറക്കാനുള്ള ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ് സമരക്കാർ ഒത്തുകൂടിയത്. മസ്‌കിന്റെ ഈ ശ്രമങ്ങൾക്കെതിരെ വടക്കേ അമേരിക്കയിലും യൂറോപ്പിലും വർധിച്ചുവരുന്ന പ്രതിഷേധത്തിന്റെ ബാക്കിയായാണ് ഈ പ്രതിഷേധങ്ങളും.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹന നിർമാതാക്കളായ ടെസ്‌ലയുടെ വിൽപ്പനയിൽ ഇടിവ് വരുത്താൻ ഈ പ്രതിഷേധങ്ങൾ കാരണമാകുമെന്ന് ട്രംപിന്റെയും മസ്‌കിന്റെയും വിമർശകർ കരുതുന്നു. ട്രംപിന്റെ നവംബറിലെ വിജയത്തിൽ ഇപ്പോഴും നിരാശയിൽ തുടരുന്ന ഡെമോക്രാറ്റുകൾക്ക് ഊർജം പകരാനാകുമെന്ന പ്രതീക്ഷയിൽ മനുഷ്യാവകാശ ഗ്രൂപ്പുകൾ ആഴ്ചകളായി ടെസ്‌ല വിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
ശനിയാഴ്ച 50ലധികം പ്രകടനങ്ങൾ ലിസ്റ്റ് ചെയ്തതായി ‘ടെസ്‌ല ടേക്ക്‌ഡൗൺ’ എന്ന വെബ്‌സൈറ്റിൽ പറയുന്നു. ടെസ്‍ല വിരുദ്ധ പ്രതിഷേധം രാജ്യത്തിനു പുറത്തും ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ട്. ചില ടെസ്‌ല ഉടമകൾ തങ്ങളുടെ വാഹനങ്ങൾ ‘സ്വസ്തികകൾ’ സ്പ്രേ പെയിന്റ് ചെയ്ത് നശിപ്പിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.