
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ചിനോ ഹില്ലിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറില്‍ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍. അഞ്ച് മാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. യുഎസിലെ ബിഎപിഎസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ‘ഹിന്ദു സമൂഹം വിദ്വേഷത്തിനെതിരെ ഉറച്ചുനില്‍ക്കുന്നു’ എന്ന് അവര്‍ കുറിച്ചു.
‘ചിനോ ഹില്‍സിലെയും സതേണ്‍ കാലിഫോര്‍ണിയയിലെയും സമൂഹത്തോടൊപ്പം, വിദ്വേഷം വേരൂന്നാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. നമ്മുടെ പൊതു മാനവികതയും വിശ്വാസവും സമാധാനവും അനുകമ്പയും നിലനില്‍ക്കുമെന്ന് ഉറപ്പാക്കും,’ ബിഎപിഎസ് കുറിച്ചു.
‘ഹിന്ദുക്കള്‍ തിരികെ പോകൂ’ എന്നതടക്കമാണ് ക്ഷേത്രത്തിന്റെ ചുവരുകളില്‍ കുറിച്ചിരിക്കുന്നത്. വടക്കേ അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മ (CoHNA)യും സംഭവത്തെ അപലപിച്ചു.
യുഎസിലുടനീളം 2022 മുതല്‍ ഇന്നുവരെ നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തത് പത്തോളം ക്ഷേത്രങ്ങളാണ്.
അതേസമയം, ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്‌സില്‍ പങ്കുവെക്കുകയും എഫ്ബിഐ മേധാവി കാഷ് പട്ടേല്‍, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്, ചിനോ ഹില്‍സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവരോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ആവശ്യപ്പെട്ടു.