ചൈനയിൽ നിർമിച്ച് യുഎസിൽ ഈ പരിപാടി വേണ്ടെന്ന് ട്രംപ്; അനുനയിപ്പിക്കാൻ നേരിട്ടെത്തി ആപ്പിള്‍ സിഇഒ

വാഷിംഗ്ടൺ: തീരുവ ചുമത്തുന്നത് സംബന്ധിച്ച ചര്‍ച്ചകൾക്കിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ചര്‍ച്ച നടത്തി ആപ്പിള്‍ സിഇഒ ടിം കുക്ക്. ചൈനയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്കും യുഎസ് തീരുവ ഏര്‍പ്പെടുത്തിയേക്കുമെന്നുള്ള സൂചനകള്‍ക്കിടെ നിർണായക കൂടിക്കാഴ്ച. ചൈനയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ഇത്തവണ തീരുവയിളവ് ഉണ്ടാകില്ലെന്ന് ട്രംപിന്‍റെ നിലപാട്.

ഇതോടെ ടിം കുക്ക് നേരിട്ടെത്തി ട്രംപുമായി ചര്‍ച്ച നടത്തിയത്. ഒന്നാം ട്രംപ് സര്‍ക്കാരിന്‍റെ കാലത്ത് ചൈനയില്‍ നിര്‍മിച്ച് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇളവ് നല്‍കാൻ ട്രംപ് തയാറായിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ആപ്പിളോ വൈറ്റ് ഹൗസോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ട്രംപുമായി അടുത്ത ബന്ധമാണ് ടിം കുക്കിനുള്ളത്. ട്രംപ് അധികാരമേല്‍ക്കുമ്പോഴും തുടര്‍ന്നുള്ള വിരുന്നുകളിലുമെല്ലാം കുക്കിന്‍റെ പങ്കാളിത്തം ഉണ്ടായിരുന്നു.

ചൈനയില്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ഏര്‍പ്പെടുത്താനാണ് ട്രംപിന്‍റെ തീരുമാനം. നിലവില്‍ ആഗോളതലത്തില്‍ ഐഫോണിന്‍റെ വില്‍പനയിലുള്ള ഇടിവിനു പുറമേ 10 ശതമാനം താരിഫ് കൂടി വരുന്നത് കമ്പനിക്ക് തിരിച്ചടിയാണ്. ചൈനയ്ക്കെതിരെ അമേരിക്കന്‍ ഭരണകൂടം തീരുവ ഏര്‍പ്പെടുത്തിയതിന് തൊട്ടു പിന്നാലെ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ ചൈനീസ് ഭരണകൂടം പലതരത്തിലുള്ള അന്വേഷണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചൈനയില്‍ നിര്‍മ്മിച്ച് അമേരിക്കയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ആപ്പിളിന്‍റെ നിലപാടിനെതിരെയാണ് ട്രംപിന്‍റെ നീക്കം.

More Stories from this section

family-dental
witywide