കോൺഗ്രസിനോടുള്ള സമീപനമെന്ത്? അടുത്ത തെരഞ്ഞെടുപ്പിലും പിണറായിയോ മുഖ്യമന്തി സ്ഥാനാർഥി? നിലപാട് വ്യക്തമാക്കി എം എ ബേബിയുടെ ആദ്യ പ്രതികരണം

മധുര: മധുരയിൽ ചേർന്ന പാർട്ടി കോൺഗ്രസ് സി പി എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷമുള്ള ആദ്യ പ്രതികരണത്തിൽ കോൺഗ്രസിനോടുള്ള സമീപനത്തിന്‍റെ കാര്യത്തിലും കേരളത്തിലെ അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ ആര് നയിക്കുമെന്ന കാര്യത്തിലും എം എ ബേബി നിലപാട് വ്യക്തമാക്കി. കോൺഗ്രസിനോട് നിലവിൽ തുടരുന്ന സമീപനം സി പി എം തുടരുമെന്നാണ് ജനറൽ സെക്രട്ടറി പ്രതികരിച്ചത്. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണെന്നും സംസ്ഥാനങ്ങൾക്കനുസൃതമായ സഹകരണമാകും തുടരുകയെന്നും അദ്ദേഹം വിവരിച്ചു. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായിരിക്കുമ്പോളും ദില്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസും എ എ പിയും തമ്മിൽ മത്സരിച്ചതടക്കം ബേബി ചൂണ്ടികാട്ടി. കേരളത്തിൽ എതിരിടുമ്പോഴും ദേശീയ സാഹചര്യത്തിൽ സഹകരണമെന്ന സുർജിത്തിന്‍റെയും യെച്ചൂരിയുടെയും സമീപനമാകും താനും തുടരുകയെന്നാണ് ബേബി വിവരിച്ചത്.

പിണറായി വിജയൻ തന്നെയാകുമോ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുകയെന്ന ചോദ്യത്തിനും എം എ ബേബി വ്യക്തമായ മറുപടി നൽകി. നിലവിൽ പാർട്ടിയിലെ മുതിർന്ന നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമാണ് പിണറായി വിജയൻ. സ്വഭാവികമായും അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനാകാര്യത്തിലുമെല്ലാം നയിക്കും. ഒരു തുടർഭരണം വീണ്ടും കിട്ടിയാൽ അന്ന് ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോൾ ചർച്ചചെയ്യേണ്ട കാര്യമില്ല. സമയമാകുമ്പോൾ പാർട്ടി കൃത്യമായ തീരുമാനമെടുക്കുമെന്നും പുതിയ ജനറൽ സെക്രട്ടറി വ്യക്തമാക്കി. നിലവിലെ മുഖ്യമന്ത്രി അടുത്ത തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കുകയെന്നത് സ്വാഭാവിക കാര്യമല്ലേയെന്നും അതിലെന്ത് സംശയമാണുള്ളതെന്നും ബേബി ചോദിച്ചു. തുടർഭരണം കിട്ടാനുള്ള പ്രവർത്തനങ്ങളുണ്ടാകണമെന്നാണ് പാർട്ടി കോൺഗ്രസ് തീരൂമാനിച്ചിട്ടുള്ളതെന്നും ജനറൽ സെക്രട്ടറി വിവരിച്ചു.

അതേസമയം കേരളത്തിൽ നിന്നും രണ്ടാമത്തെ സി പി എം ജനറൽ സെക്രട്ടറിയായാണ് ബേബി എത്തുന്നത്. 1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. പിണറായി വിജയന് ഇക്കുറിയും പാർട്ടി കോൺഗ്രസ് ഇളവ് നൽകിയിട്ടുണ്ട്. പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കിയതിനാല്‍ പൊളിറ്റ് ബ്യൂറോയില്‍ തുടരും. മലയാളിയായ വിജു കൃഷ്ണനടക്കം പിബിയിലേക്ക് 7 പുതുമുഖങ്ങളെയും തെരഞ്ഞെടുത്തു. യു വാസുകി, മറിയം ധാവ്‌ളെ, ആന്ധ്രപ്രദേശില്‍ നിന്ന് അരുണ്‍കുമാര്‍, പശ്ചിമബംഗാളിൽ നിന്ന് ശ്രീദീപ് ഭട്ടാചാര്യ, രാജസ്ഥാനില്‍ നിന്ന് അംറാ റാം, തമിഴ്നാട്ടിൽ നിന്ന് ബാലകൃഷ്ണൻ എന്നിവരാണ് പിബിയിലെത്തിയ മറ്റ് പുതുമുഖങ്ങള്‍. അന്തരിച്ച മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒഴിവും പ്രായപരിധി കാരണം ആറ് പേരുടെ ഒഴിവുമായിരുന്നു പിബിയില്‍ ഉണ്ടായിരുന്നത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി രാമകൃഷ്ണന്‍ എന്നിവരാണ് ഒഴിഞ്ഞ പി ബി അംഗങ്ങള്‍. പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണ് ഇത്തവണ രൂപീകരിച്ചത്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കേരളത്തില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ എസ് സലീഖ എന്നിവരെയാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. പി കെ ബിജുവിന്റെയും പേര് കേന്ദ്ര കമ്മിറ്റിയിലേക്ക് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും സിസിയിൽ ഉള്‍പ്പെട്ടിട്ടില്ല. സ്ഥിരം ക്ഷണിതാവായി ജോൺ ബ്രിട്ടാസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയില്‍ പി കെ ശ്രീമതിക്കും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇളവ് നൽകിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide