
പാനമ സിറ്റി: അമേരിക്കയിൽനിന്ന് നാടുകടത്തിയ മുന്നൂറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ, ഇറാൻ, നേപ്പാൾ, ചൈന, ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തടവിലാക്കപ്പെട്ടിരിക്കുന്നത്. ഹോട്ടലിന്റെ ജനാലയ്ക്കരികിൽ സഹായത്തിനായി അഭ്യർത്ഥിക്കുന്ന ഇവരുടെ ദൃശ്യങ്ങൾ വിദേശ മാധ്യമങ്ങളും വാർത്താ ഏജൻസികളും പുറത്തുവിട്ടിട്ടുണ്ട്.
പാനമയും അമേരിക്കയും തമ്മിലുള്ള കരാർ നിലവിലുള്ളതിനാല്‍ ഈ ഹോട്ടലിലുള്ളവർക്ക് ഭക്ഷണവും മെഡിക്കൽ സേവനങ്ങളും നൽകുന്നുണ്ട്. പോലീസ് കാവലിലാണ് ഇവരെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നാടുകളിലെത്തിക്കാൻ രാജ്യാന്തര സന്നദ്ധ സംഘടനകൾ സൗകര്യമൊരുക്കുന്നതുവരെ ഇവർക്ക് മുറി വിട്ടുപോകാൻ അനുമതിയില്ല. ഹോട്ടലിലെ 40 ശതമാനത്തിലേറെപ്പേരും സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ട്.
ഇക്കൂട്ടത്തിൽപ്പെട്ട ചിലരാണ് ഹോട്ടൽ ജനലിന് സമീപത്തെത്തി സഹായത്തിനായി അഭ്യർത്ഥിച്ചത്.
അമേരിക്ക നാടുകടത്തിയതിനെത്തുടർന്ന് പാനമയിലെത്തിയ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് രാജ്യത്തെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതിനിടെ ചൈനയിൽനിന്നുള്ള ഒരു സ്ത്രീ പ്രദേശത്തെ ചില ആളുകളുടെ സഹായത്തോടെ ഹോട്ടലിൽനിന്ന് രക്ഷപ്പെട്ടെന്നുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. പാനമയുടെ ദേശീയ ഇമിഗ്രേഷൻ സർവീസ് ഇക്കാര്യം അറിയിച്ചത്. സ്ത്രീയെ രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.