ട്രംപിന്റെ ഉത്തരവിന്റെ ചൂടറിഞ്ഞ് ചിക്കാഗോയും; അനധികൃത കുടിയേറ്റക്കാരെ അറസ്റ്റുചെയ്ത് നാടുകടത്തല്‍ വേഗത്തിലാക്കുന്നു

ചിക്കാഗോ : അനധികൃത കുടിയേറ്റക്കാരെ എത്രയും വേഗം നാടു കടത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവനുസരിച്ച് ചിക്കാഗോയില്‍ അറസ്റ്റുകളും നാടുകടത്തലുകളും വേഗത്തിലാക്കുന്നു. ചിക്കാഗോയില്‍ മള്‍ട്ടി ഏജന്‍സി ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ഓപ്പറേഷന്‍ ആരംഭിച്ചതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഞായറാഴ്ച പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ നിരവധി നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ അത്തരം ഓപ്പറേഷനുകള്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ സ്ഥിരതാമസമാക്കിയ ഇടം കൂടിയാണ് ചിക്കാഗോ.

നാടുകടത്തല്‍ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ആക്ടിംഗ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ എമില്‍ ബോവ് ചിക്കാഗോയിലേക്ക് എത്തും. ചിക്കാഗോയിലും മറ്റിടങ്ങളിലുമുള്ള ഓപ്പറേഷനുകളെ സഹായിക്കുന്നതിന് ട്രംപ് ഭരണകൂടം ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിലെ വിവിധ നിയമ നിര്‍വ്വഹണ ഏജന്‍സികളെ അയച്ചിട്ടുണ്ട്. അതില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷന്‍, ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ആംസ് ആന്‍ഡ് എക്സ്പ്ലോസീവ്സ്, യുഎസ് മാര്‍ഷല്‍സ് എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

അനധികൃത കുടിയേറ്റ ഒഴിപ്പിക്കല്‍ ഓപ്പറേഷനുകള്‍ എങ്ങനെ നടക്കുമെന്നത് ഓര്‍ത്ത് ചിക്കാഗോയിലെ താമസക്കാര്‍ ആശങ്കപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.

ചിക്കാഗോയില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ അറസ്റ്റുചെയ്തായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (ഐസിഇ) വക്താവ് ഞായറാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. യുഎസ് ഇമിഗ്രേഷന്‍ നിയമം നടപ്പിലാക്കുന്നതിനും അപകടകാരികളായ ക്രിമിനല്‍ വിദേശികളെ നമ്മുടെ സമൂഹങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിലൂടെ പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനുമാണ് ഈ നടപടിയെന്നും ഐസിഇ പ്രസ്താവനയിലുണ്ട്. ഞായറാഴ്ച 956 അറസ്റ്റുകള്‍ നടത്തിയെങ്കിലും അവരില്‍ എത്ര പേര്‍ ചിക്കാഗോയില്‍ നിന്നുള്ളവരാണെന്ന് വ്യക്തമല്ല.

ഇമിഗ്രേഷന്‍ അറസ്റ്റുകള്‍ നടത്തുന്ന ഏജന്റുമാര്‍ക്കൊപ്പം പുതുതായി നിയമിതനായ അതിര്‍ത്തി ഉദ്യോഗസ്ഥന്‍ ടോം ഹോമാനും ഉണ്ടായിരുന്നു. പ്രമുഖ സൈക്കോളജിസ്റ്റും ടെലിവിഷന്‍ താരവുമായ ഡോ. ഫിലും റെയ്ഡുകളില്‍ പങ്കെടുത്തു. പിടികൂടിയവരില്‍ കുപ്രസിദ്ധ കുറ്റവാളികളും തീവ്രവാദികളും ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

More Stories from this section

family-dental
witywide