‘ലോകവീക്ഷണത്തെയും മൂല്യങ്ങളെയും രൂപപ്പെടുത്താന്‍ ഹിന്ദു വിശ്വാസത്തില്‍ വളര്‍ന്നത് സഹായിച്ചു’, എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെക്കുറിച്ചുള്ള ലേഖനം ശ്രദ്ധ നേടുന്നു

ഇന്ത്യന്‍ വംശജനായ അഭിഭാഷകനും അടുത്തിടെ എഫ്ബിഐ ഡയറക്ടറുമായി നിയമിതനായ കശ്യപ് പട്ടേല്‍ എന്ന കാഷ് പട്ടേലിന്റെ ഹിന്ദു പാരമ്പര്യത്തെക്കുറിച്ചും വളര്‍ന്ന സാഹചര്യത്തെക്കുറിച്ചും വിശദീകരിച്ച ലേഖനം ശ്രദ്ധ നേടുന്നു. ലോകവീക്ഷണത്തെയും മൂല്യങ്ങളെയും നേതൃത്വ ശൈലിയെയും രൂപപ്പെടുത്താന്‍ ഹിന്ദു വിശ്വാസത്തില്‍ വളര്‍ന്നത് സഹായിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു. കാഷ് പട്ടേല്‍ തന്നെയാണ് ഇന്ത്യാ ട്രിബ്യൂണലില്‍ വന്ന ഈ ലേഖനം എക്‌സില്‍ പങ്കുവെച്ചത്.

ഇന്ത്യന്‍-അമേരിക്കന്‍ അനുകൂലികള്‍ക്കിടയില്‍ വൈറലായ ഈ പോസ്റ്റ് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഗുജറാത്തി വേരുകളുള്ള കുടുംബമാണ് ഇദ്ദേഹത്തിന്റേത്. കുടിയേറ്റ കുടുംബത്തില്‍ നിന്നും യുഎസ് ഗവണ്‍മെന്റിന്റെ ഉന്നത തലങ്ങളിലേക്കുള്ള പട്ടേലിന്റെ യാത്രയെ ലേഖനം എടുത്തുപറയുന്നു.

ന്യൂയോര്‍ക്കിലെ ഒരു പരമ്പരാഗത കൂട്ടുകുടുംബത്തില്‍ വളര്‍ന്ന പട്ടേലിന്റെ ബാല്യകാലം ഹിന്ദുമതത്തിന്റെ ആചാരങ്ങളിലും ഉത്സവങ്ങളിലും ധാര്‍മ്മിക പഠനങ്ങളിലും മുഴുകി. അദ്ദേഹത്തിന്റെ പിതാവ് പ്രമോദ് പട്ടേല്‍ 1972-ല്‍ ഇദി അമിന്റെ ക്രൂരമായ ഭരണകാലത്ത് ഉഗാണ്ടയില്‍ നിന്ന് പലായനം ചെയ്ത് യുഎസില്‍ സ്ഥിരതാമസമാക്കി. അമ്മ അഞ്ജന പട്ടേല്‍ ടാന്‍സാനിയയിലാണ് വളര്‍ന്നത്.

ഹിന്ദുമതത്തിന്റെ മൂല്യങ്ങളില്‍ വളര്‍ന്നതിനാല്‍ ധര്‍മ്മം, കര്‍മ്മം, സേവ എന്നിവയുടെ മൂല്യങ്ങള്‍ കാഷിന്റെ ഉള്ളിലുണ്ടെന്നും അതാണ് അദ്ദേഹത്തെ നയിച്ചതെന്നും ലേഖനം വ്യക്തമാക്കുന്നു. ഉത്തരവാദിത്തത്തോടുകൂടിയ പ്രവര്‍ത്തനം, നിസ്വാര്‍ത്ഥ സേവനം എന്നിവ കാഷിന്റെ വ്യക്തിപരവും പ്രൊഫഷണല്‍ പരവുമായ യാത്രയെ എങ്ങനെ നയിച്ചുവെന്നും ലേഖനം എടുത്തുകാട്ടുന്നു.

കാഷ് പട്ടേലിന്റെ ഹിന്ദു വേരുകള്‍ മുമ്പും ചര്‍ച്ചയായിട്ടുണ്ട്. എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തെത്തിയപ്പോള്‍ തന്റെ പ്രാരംഭ പ്രസംഗങ്ങള്‍ നടത്തുന്നതിനുമുമ്പ്, അദ്ദേഹം സദസ്സിലുണ്ടായിരുന്ന മാതാപിതാക്കളുടെ കാലുകള്‍ തൊട്ടു വന്ദിച്ചത് ശ്രദ്ധനേടിയിരുന്നു. ബഹുമാനത്തിന്റെയും നന്ദിയുടെയും ഹൈന്ദവ വിശ്വാസ പ്രവൃത്തിയാണിത്. അമേരിക്കയില്‍ ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുടെ അപൂര്‍വവും ദൃശ്യവുമായ പ്രതീകമായാണ് ഈ പ്രവൃത്തി വിലയിരുത്തപ്പെട്ടത്.

ട്രംപിന്റെ ഏറ്റവും വിശ്വസ്തരില്‍ വിശ്വസ്തനായാണ് കാഷ് പട്ടേല്‍ അറിയപ്പെടുന്നത്. മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ ആദ്യ പോരാളിയുമാണെന്നും അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കാനുമാണ് അദ്ദേഹം ഔദ്യോഗിക ജീവിതം മാറ്റിവച്ചതെന്നുമാണ് ട്രംപ് തന്നെ കാഷിനെ കുറിച്ച് മുന്‍പ് നടത്തിയ പ്രശംസ. 1980 ഫെബ്രുവരി 25 ന് ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയില്‍ ജനിച്ച കാഷ്, റിച്ച്മണ്ട് സര്‍വകലാശാലയില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് അന്താരാഷ്ട്ര നിമയത്തില്‍ ബിരുദാന്തര ബിരുദവും കരസ്ഥമാക്കി.

More Stories from this section

family-dental
witywide