ഡൽഹി: ഡൽഹി ജനതക്കായി യമുനയിൽ നിന്നുള്ള കുടിവെള്ളത്തിൽ ഹരിയാനയിലെ ബി ജെ പി സർക്കാർ വിഷം കലക്കിയെന്ന പരാമർശത്തിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഹരിയാന സർക്കാർ കേസെടുത്തു. വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാത്രിയോടെ ഹരിയാന പൊലീസ് കേസെടുത്തത്. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയിലൂടെ മേഖലയിസെ ജനങ്ങൾക്കിടയിൽ കെജ്രിവാൾ പരിഭ്രാന്തിയുണ്ടാക്കിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സോനിപത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ദുരന്തനിവാരണ ചട്ടത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ജഗ്‌മോഹൻ മൻചൻഡ എന്നയാളുടെ പരാതിയിൽ കുരുക്ഷേത്രയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷനിലാണു കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപത്തിന് പ്രേരിപ്പിച്ചു, വിദ്വേഷം പടർത്തി, മനഃപൂർവം മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കെജ്രിവാളിനെതിരെ ചുമത്തിയത്. ഡൽഹിയുടെ കുടിവെള്ള വിതരണം തകർക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിൽ വിഷം കലർത്തുന്നെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം. പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കെജ്രിവാളിനോട് വിശദീകരണം തേടിയിരുന്നു.